കോടതി ബഹിഷ്‌കരണത്തിനെതിരേ വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെ രംഗത്ത്
കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് കോടതികളിലെ സൗഹൃദ അന്തരീക്ഷം തകര്‍ത്തതിനെതിരേ മുതിര്‍ന്ന അഭിഭാഷകരും വിവിധസംഘടനകളും രംഗത്തെത്തിയതോടെ അഭിഭാഷകര്‍ക്ക് കനത്ത തിരിച്ചടിയായി. ഹൈക്കോടതിയിലെ മീഡിയ റൂം അടച്ചിടണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാന്‍ അഭിഭാഷകരുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. എന്നാല്‍ മീഡിയ റൂം തുറന്നുനല്‍കണമെന്ന നിര്‍ദേശം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കുറിന്റെ ഭാഗത്ത് നിന്ന് വന്നതും അഭിഭാഷകര്‍ക്ക് തിരിച്ചടിയായി. അഭിഭാഷകരുടെ നടപടികള്‍ക്കെതിരേ പൊതുസമൂഹത്തില്‍ നിന്നും സോഷ്യല്‍ മീഡിയകളിലും വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കൂടുതല്‍ സീനിയര്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരേ രംഗത്തെത്തി.
ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ നടപടിക്കുള്ള നീക്കം അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ആരംഭിച്ചു.
സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിച്ചതനുസരിച്ച് അഡ്വ. ജനറല്‍ സി പി സുധാകര പ്രസാദ് വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ലംഘിച്ചുകൊണ്ട് വീണ്ടും അഭിഭാഷകര്‍ പ്രകടനവുമായി തെരുവില്‍ ഇറങ്ങിയതും രണ്ടാം ദിവസവും ഹൈക്കോടതി ബഹിഷ്‌കരിച്ചതുമാണ് അഭിഭാഷകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കിയത്. അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ അംഗീകരിച്ച തീരുമാനത്തെ വെല്ലുവിളിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെയും നടന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് അഭിഭാഷകര്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്നത്. ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച നടപടിയെ എതിര്‍ത്ത ഏതാനും അഭിഭാഷകരെ വിലക്കാനും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നീക്കം തുടങ്ങി. അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എ. ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സി.പി ഉദയഭാനു, സംഗീതാ ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരേയാണ് അഭിഭാഷക അസോസിയേഷന്‍ അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. ഇവര്‍ക്ക്് വിശദീകരണ നോട്ടിസ് നല്‍കാനാണ് സംഘടനാ നേതൃത്വത്തിന്റെ തീരുമാനം.
എന്നാല്‍ അഭിഭാഷക സംഘടനയുടെ നീക്കത്തോട് രൂക്ഷമായ ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്. അഭിഭാഷകരുടെ സംഘടനയിലെ അംഗത്വം നിലനിര്‍ത്തുന്നതിനായി തന്റെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനിലെ അംഗത്വം സാങ്കേതികം മാത്രമാണ്. അത് നഷ്ടപ്പെട്ടാലും ഒന്നും സംഭവിക്കില്ല. അതുകൊണ്ടു തന്നെ നേരത്തെ പറഞ്ഞ കാര്യങ്ങളിലും നിലപാടിലും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഡ്വ. കാളീശ്വരം രാജും പ്രതികരിച്ചു. ഇപ്രകാരം ഒരു സംഘടനയില്‍ തുടരുന്നതിലും നല്ലത് വീരമൃതു വരിക്കുന്നതാണെന്നും സംഘടനയില്‍ തുടരണമോ എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അഡ്വ. സി പി ഉദയഭാനു പ്രതികരിച്ചു. താന്‍ ശരിയുടെ ഭാഗത്താണ് നിലകൊള്ളുന്നതെന്നും അഭിഭാഷക സംഘടനയുടെ കിരാത നടപടി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.അഭിഭാഷകര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരേ വനിതാ അഭിഭാഷക സംഗീത ലക്ഷ്മണ്‍ രൂക്ഷമായ ഭാഷയിലാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. അഭിഭാഷകരില്‍ പത്ത് ശതമാനം പേര്‍മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന പേക്കൂത്തുകളെ അനുകൂലിക്കുന്നുള്ളുവെന്ന് അവര്‍ വ്യക്തമാക്കി.
നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് അഡ്വ. സംഗീത ലക്ഷ്മണും വ്യക്തമാക്കി. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ മാധ്യമ കാമറകളില്‍നിന്ന് ഒളിപ്പിച്ചു നിര്‍ത്താനാവാത്ത കഴിവുകേട് മറച്ചുപിടിക്കുന്നതിനാണു ഹൈക്കോടതി അഭിഭാഷക സംഘടന പരാക്രമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് അവര്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഫേസ്ബുക്കിലെ തന്റെ വിമര്‍ശനങ്ങളുടെ പേരില്‍ വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."