തലക്കുളത്തൂര്‍ സി.എച്ച്.സിയില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന
തലക്കുളത്തൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കുടുങ്ങി. ഇന്നലെ രാവിലെ 8.30നാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തലക്കുളത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധനക്കായെത്തിയത്.
8.45ന് ഡ്യൂട്ടിയില്‍ കയറേണ്ട ഡോക്ടര്‍മാര്‍ എത്താത്തതിനാല്‍ മന്ത്രി 9.15 വരെ കാത്തുനിന്നു. എന്നിട്ടും ഡോക്ടര്‍മാരെത്തിയില്ല. ഒന്‍പത് മണിക്ക് മുന്‍പായി ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട ഡോക്ടര്‍മാര്‍ ഇന്നലെ എത്തിയത് 9.30ന്. ഇതോടെ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫിസറെ ഫോണില്‍ വിളിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി വിട്ടു. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ ഏഴോളം ഡോക്ടര്‍മാരാണ് മന്ത്രിയുടെ പരിശോധനയില്‍ കുടുങ്ങിയത്.
പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ അലംഭാവം കുറയ്ക്കാനാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. തലക്കുളത്തൂര്‍, ചേളന്നൂര്‍, കാക്കൂര്‍, എലത്തൂര്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്നായി ആയിരത്തോളം പേരാണ് ദിനേന ഇവിടെ ചികിത്സക്കെത്തുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ ലീവെടുക്കുന്നതും സമയക്രമം തെറ്റിക്കുന്നതും രോഗികളെ വലയ്ക്കുന്നതായി തലക്കുളത്തൂര്‍ പഞ്ചായത്ത് മുന്‍ അംഗം എം.പി ഫൈസല്‍ പറഞ്ഞു.
കൂടാതെ ആശുപത്രിയുടെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നിരിക്കെ താമരശ്ശേരി സ്വദേശിയായ മെഡിക്കല്‍ ഓഫിസര്‍ക്ക് ആശുപത്രി പരിസരത്ത് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചിട്ടും ദിനേന വീട്ടില്‍ പോയി വരികയാണ്. ഇത് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരാന്‍ കാരണമാകുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വൈകിയെത്തിയ ഡോക്ടര്‍മാര്‍ക്ക് താക്കീത് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."