ഇറാനെ നിലക്ക് നിര്‍ത്താന്‍ മധ്യേഷ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ യുദ്ധസന്നാഹങ്ങള്‍; പശ്ചിമേഷ്യ വീണ്ടും ആശങ്കയില്‍
റിയാദ്: ഇറാനെതിരെ നടപടികള്‍ കടുപ്പിക്കുന്ന അമേരിക്ക കൂടുതല്‍ പ്രതിരോധം തീര്‍ക്കാന്‍ അത്യാധുനിക യുദ്ധസന്നാഹങ്ങളുമായി മധ്യേഷ്യയിലേക്ക്. അമേരിക്കന്‍ ഭരണാധികാരി ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് കൂടുതല്‍ ബോംബര്‍ വിമാനങ്ങളും വിമാന വാഹിനിയും മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചത്. ഇറാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കാനാണ് അമേരിക്കയുടെ നീക്കമെന്നും ഇതിന്റെ ഭാഗമായാണ് സൈനിക വിന്യാസമെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മില്‍ ഉടലെടുത്ത കടുത്ത സംഘര്‍ഷങ്ങള്‍ക്കിടെയാണ് അമേരിക്കയുടെ നീക്കം. ഉന്നത ശ്രേണിയിലെ ആയുധങ്ങളുമായി ഇറാന് സമീപം നങ്കൂരമിടുന്ന യുദ്ധകപ്പല്‍ ഉടനെയൊന്നും ആക്രമണത്തിനു മുതിരുകയില്ലെന്നും ഇറാനെ പേടിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആണവകരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയത് മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ കടുത്ത പോരിലാണ്. അതിനിടയിലാണ് രംഗം കൂടുതല്‍ കടുപ്പിച്ച് ഇറാനില്‍ നിന്നും എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതും മെയ് രണ്ടു മുതല്‍ ഇത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍, ഇത് തടഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം തടയുമെന്ന ഭീഷണിയുമായാണ് ഇറാന്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് അമേരിക്കന്‍ യുദ്ധ സന്നാഹം മേഖലയിലേക്ക് കടന്നു വരുന്നത്.
'അമേരിക്ക ഇറാന്‍ സൈന്യവുമായി ഒരു വിധത്തിലുള്ള ഏറ്റുമുട്ടലിനു മുതിരുകയില്ലെന്നും എന്നാല്‍, തങ്ങള്‍ എല്ലാവിധ ഒരുക്കങ്ങളും നടത്തി തിരിച്ചടിക്കാനായി സദാ ജാഗ്രതയില്ലെന്നും ബോള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഇറാനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ഏറ്റവും ഒടുവിലത്തെത്തും അതിസുപ്രധാനവുമായ നീക്കമായാണ് പുതിയ നീക്കത്തെ കണക്കാക്കുന്നത്. ഇറാനെതിരെ അമേരിക്കയുടെ നീക്കത്തെ ഗള്‍ഫ് മേഖലയിലെ സഊദിയുള്‍പ്പെടുയുള്ള പ്രമുഖ രാജ്യങ്ങള്‍ പരിപൂര്‍ണസമ്മതമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."