ട്രെന്‍ഡിങ്ങായി 'നാഷണല്‍ അണ്‍എംപ്ലോയ്ഡ് ഡേ' - മോദിയുടെ ജന്മദിനം ഇന്ത്യന്‍ യുവതക്ക് ദേശീയ തോഴിലില്ലായ്മ ദിനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് രാജ്യത്തെ യുവാക്കള്‍. 'നാഷനല്‍ അണ്‍എംപ്ലോയ്ഡ് ഡേ' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായിരിക്കുകയാണ് ട്വിറ്ററില്‍ . 'സേവാ സപ്താഹ്' എന്ന പേരില്‍ ഒരാഴ്ചക്കാലം മോദിയുടെ ബര്‍ത്ത് ഡേ ബി.ജെ.പി കൊണ്ടാടാന്‍ തീരുമാനിച്ചതിനിടെയാണ് രാജ്യത്തെ യുവജനങ്ങള്‍ ഇത്തരത്തില്‍ രംഗത്തെത്തിയത്.
സെപ്റ്റംബര്‍ 17നാണ് മോദിയുടെ ജന്മദിനം. സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന നേതാക്കളടക്കം മോദിക്ക് ആശംസകളുമായി എത്തിയിരുന്നു. എന്നാല്‍, 'സെപ്റ്റംബര്‍ 17 ദേശീയ തൊഴിലില്ലായ്മ ദിനം' എന്ന ഹാഷ്ടാഗോടെ യുവജനങ്ങള്‍ രംഗത്തെത്തുകയായിരുന്നു. ലക്ഷക്കണക്കിനുപേരാണ് ഹാഷ്ടാഗ് ഏറ്റെടുത്തത്. ഉച്ചക്ക് 12.30 ആയപ്പോഴേക്കു തന്നെ 2.54 മില്യണ്‍ ജനങ്ങള്‍ ഹാഷ്ടാഗ് പങ്കുവെച്ചു കഴിഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതും തൊഴിലില്ലാത്ത യുവജനങ്ങളുടെ ആത്മഹത്യ വര്‍ധിച്ചതുമാണ് പ്രതിഷേധത്തിന് കാരണം. ദേശീയ തൊഴിലില്ലായ്മ ദിനത്തെ പിന്തുണക്കുന്നു എന്ന വാചകങ്ങളോടെ നിരവധിപേര്‍ കുറിപ്പുകള്‍ പങ്കുവെച്ചു. ദേശീയ തൊഴിലില്ലായ്മ ദിനത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ യുവജനങ്ങളോട് ദേശീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ ആഹ്വാനവുമായും നിരവധി പേര്‍ എത്തി.
വര്‍ഷംതോറും രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലയളവില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുകയായിരുന്നു. സ്ഥിരംതൊഴിലെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി വ്യാവസായിക മേഖലയില്‍ കരാര്‍ നിയമനം ഏര്‍പ്പെടുത്താനുള്ള തൊഴില്‍ നിയമ ഭേദഗതിയും വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ അവസരം വാഗ്ദാനം ചെയ്യുന്ന വ്യാവസായിക മേഖലയും നിരാശപ്പെടുത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നിയമങ്ങളുടെ പൊളിച്ചെഴുത്തും ചര്‍ച്ചയായിരുന്നു.
സി.എം.ഐ.ഇയുടെ കണക്കുപ്രകാരം 2020 ആഗസ്റ്റില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 8.35 ശതമാനമാണ്. നഗര പ്രദേശങ്ങളില്‍ ഇത് 9.83ഉം ഗ്രാമപ്രദേശങ്ങളില്‍ 7.65 ശതമാനവുമായിരുന്നു. ജൂലൈയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.40 ശതമാനവും മേയില്‍ 21.73 ശതമാനവും ഏപ്രിലില്‍ ഉയര്‍ന്ന നിരക്കായ 23.52 ശതമാനവുമായിരുന്നു.
2020 ജനുവരിയില്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം 2018ല്‍ ഓരോ മണിക്കൂറിലും ഒരു തൊഴിലില്ലാത്തയാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ ഇവ ഉയര്‍ന്നുവെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്‍ തൊഴില്‍ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ മാത്രം 50 ലക്ഷം ശമ്പളക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. സംഘടിത മേഖലയില്‍ മാത്രം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായെന്നുമാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."