അമിത് ഷായെയും മോദിയെയും തള്ളി റാം മാധവ്
ന്യൂഡല്‍ഹി: ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രസ്താവന തള്ളി ജനറല്‍ സെക്രട്ടറി റാം മാധവ്. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാല്‍, എന്‍.ഡി.എ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 271 സീറ്റ് ലഭിച്ചാല്‍ തന്നെ ബി.ജെ.പിക്ക് വളരെ സന്തോഷമാണ്.
എന്‍.ഡി.എയിലെ ഘടകകക്ഷികളുടെ സഹായത്തോടെ ഞങ്ങള്‍ ഭൂരിപക്ഷം തികയ്ക്കും- റാം മാധവ് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മറ്റു കക്ഷികളുടെ സഹായത്തോടെ മാത്രമെ അധികാരത്തില്‍ വരാന്‍ കഴിയൂവെന്ന് ആദ്യമായി തുറന്നു പ്രഖ്യാപിച്ച നേതാവാണ് റാം മാധവ്. വിദേശ വെബ്സൈറ്റ് ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യമായി ബി.ജെ.പി തനിച്ച് അധികാരത്തിലേറിയപ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍, ഇത്തവണ ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ കുറയുമെന്ന് റാം മാധവ് സമ്മതിച്ചു. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പശ്ചിമബംഗാള്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റ് സ്വന്തമാക്കി ഉത്തരേന്ത്യയിലെ നഷ്ടം നികത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദക്ഷിണേന്ത്യയില്‍ കുറേകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്ക് വളരെ ആശ്വാസകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ഇന്ത്യയില്‍ പാര്‍ട്ടി ശക്തമായ സാന്നിധ്യമാണ്. അതുപോലെ ദക്ഷിണേന്ത്യയിലും ശക്തമാവേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതു വളരെ ആശ്വാസകരമായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."