HOME
DETAILS
MAL
നിയമസഭയില്‍ 50 വര്‍ഷം ഉമ്മന്‍ചാണ്ടിക്ക് കെ.പി.സി.സിയുടെ സ്‌നേഹാദരം
backup
September 19 2020 | 02:09 AM
തിരുവനന്തപുരം: നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കെ.പി.സി.സിയുടെ സ്‌നേഹാദരം.
ഇന്നലെ രാവിലെ പതിന്നൊന്നിന് ഇന്ദിര ഭവനില്‍ സംഘടിപ്പിച്ച സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ അന്‍പതു വര്‍ഷക്കാലം കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പുതുതലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും യുവ എം.എല്‍.എമാരും അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കരുണയുടെയും സ്‌നേഹത്തിന്റെയും ആകെ ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കടന്നുപോയ വഴികളില്‍ കോണ്‍ഗ്രസിന് കരുത്തു നല്‍കിയ നേതാവാണ് അദ്ദേഹം. അധികാരം വിനയത്തിന്റെയും ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയുമാണെന്ന് അദ്ദേഹം തെളിയിച്ചു. ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കാതെ ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതരാന്‍ ഉമ്മന്‍ ചാണ്ടിക്കായിയെന്നും ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ കേരളത്തിലെ അത്ഭുത പ്രതിഭാസമാണ് ഉമ്മന്‍ചാണ്ടിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. അസാധ്യമായത് സാധ്യമാക്കാനുള്ള ധീരത ഉമ്മന്‍ ചാണ്ടിക്കുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ഏത് ആള്‍ക്കൂട്ടമായാലും പറയുന്നത് ക്ഷമാപൂര്‍വം കേള്‍ക്കുകയും കേള്‍ക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ വിജയമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.ജനാധിപത്യ കേരളത്തിന് കിട്ടിയ വരദാനമാണ് ഉമ്മന്‍ ചാണ്ടിയെന്ന് എം.എം.ഹസന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്കുവേണ്ടി ഭരണതീരുമാനങ്ങള്‍ എടുത്ത ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു.പത്‌നി മറിയാമ്മ ഉമ്മന്‍, മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയ ഉമ്മന്‍, പേരക്കുട്ടി എഫിനോഫ എന്നിവര്‍ക്കൊപ്പമാണ് ഉമ്മന്‍ചാണ്ടി ചടങ്ങിനെത്തിയത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി മുന്‍ പ്രസിന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."