മുസ്‌ലിംവിരുദ്ധ പരാമര്‍ശം; കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കോടതിയില്‍ കീഴടങ്ങി
പട്‌ന: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ കേന്ദ്രമന്ത്രിയും ബെഗുസരായിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ് കോടതിയില്‍ കീഴടങ്ങി. ബെഗുസരായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് താക്കൂര്‍ അമന്‍ കുമാര്‍ മുന്‍പാകെ കീഴടങ്ങിയ കേന്ദ്രമന്ത്രിയെ വൈകാതെ ജാമ്യത്തില്‍ വിട്ടു.
5,000 രൂപയുടെ രണ്ടു ബോണ്ടിന്‍മേലാണ് ജാമ്യം. തന്റെ മണ്ഡലപ്രചാരണത്തില്‍ പ്രസംഗിക്കവെ കഴിഞ്ഞമാസം 24നാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്. 'വന്ദേ മാതരം' എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പുനല്‍കില്ല.
എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി (ഖബര്‍) വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം- എന്നായിരുന്നു ഗിരിരാജിന്റെ പ്രസ്താവന. ബി.ജെ.പി നേതാവ് അമിത് ഷാ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വര്‍ഗീയ പ്രസംഗം നടത്തിയ ഗിരിരാജിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷകക്ഷികളാണ് കമ്മിഷനു പരാതി നല്‍കിയത്. പരാതിയില്‍ നേരത്തെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചിരുന്നു.
ഇതിനു ഗിരിരാജ് നല്‍കിയ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മിഷന്‍, അദ്ദേഹം പ്രഥമദൃഷ്ട്യാ തന്നെ പെരുമാറ്റചട്ട ലംഘനം നടത്തിയതായി വ്യക്തമാക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിനെതിരെ ജില്ലാ ഭരണകൂടം കേസെടുത്തു. ഇന്ത്യന്‍ പീനല്‍ കോഡിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുള്ളത്. ഇതോടെയാണ് അദ്ദേഹം ഇന്നലെ കോടതിയില്‍ കീഴടങ്ങാനെത്തിയത്.
ഈ പൊതുതെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടലംഘനം നടത്തിയതിന് കോടതിയില്‍ കീഴടങ്ങേണ്ടിവന്ന ആദ്യ രാഷ്ട്രീയക്കാരനാണ് വിവാദ പരാമര്‍ശങ്ങള്‍ പതിവാക്കിയ ഗിരിരാജ് സിങ്.
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍ സി.പി.ഐക്കും തന്‍വീര്‍ ഹസന്‍ ആര്‍.ജെ.ഡിക്കും വേണ്ടി മല്‍സരിക്കുന്ന ബെഗുസരായിയില്‍ കടുത്ത ത്രികോണമല്‍സരമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."