സ്വര്‍ണക്കടത്ത്: യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണമെന്ന് എന്‍.ഐ.എ
സ്വന്തം ലേഖിക
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍. സ്വര്‍ണക്കടത്ത് സംബന്ധിച്ച ഗൂഢാലേചന രാജ്യത്തിനകത്തും പുറത്തും നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഈസാഹചര്യത്തിലാണ് അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചതെന്നും എന്‍.ഐ.എ വിശദീകരിച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇത് വ്യക്തമാക്കിയത്. വിദേശത്തുകഴിയുന്ന പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍.ഐ.എ കോടതിയെ ബോധിപ്പിച്ചു. അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസിലെ 16 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി.
കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 11, 12, 13, 14, 16, 17, 18, 19 പ്രതികളായ പി.എസ്.സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, കെ.ടി.റമീസ്, എ.എം.ജലാല്‍, മുഹമ്മദ് ഷാഫി, സെയ്തലവി, പി.ടി.അബ്ദു, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദലി, കെ.ടി.ഷറഫുദ്ദീന്‍, എ.മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അന്‍വര്‍, ഹംസത്ത് അബ്ദുല്‍ സലാം, ടി.എം.സംജു, ഹംജത് അലി എന്നീ പ്രതികളെയാണ് കോടതി വീണ്ടും ജയിലിലേക്കയച്ചത്. അടുത്തമാസം എട്ടുവരെയാണ് റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."