ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമം; പൊലിസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചുവെന്ന സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലിസ് മേധാവി സസ്പെന്‍ഡ് ചെയ്തു. ചന്തേര പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി കെ. സന്തോഷ് കുമാറിനെയാണ് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് സസ്പെന്‍ഡ് ചെയ്തത്.
സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് കുമാറിനെതിരേ നടപടി സ്വീകരിച്ചത്. കാലാവധി കഴിഞ്ഞ പി.എസ്.സി ലിസ്റ്റ് കാണിച്ചു ജോലി വാഗ്ദാനം ചെയ്യുകയും അതിനു വേണ്ടി പത്തു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചതുമായാണ് സന്തോഷ് കുമാറിനെതിരേയുള്ള ആരോപണം.
നേരത്തെയും ഇത്തരത്തില്‍ സന്തോഷ് കുമാര്‍ തട്ടിപ്പ് നടത്തിയിരുന്നതായും ജോലി കൊടുക്കാന്‍ കഴിയാതെ വന്നതോടെ തുക പല തവണകളായി ഉദ്യോഗാര്‍ഥികള്‍ക്കു തിരിച്ചു കൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായി സൂചനയുണ്ട്.
കാലഹരണപ്പെട്ട പൊലിസ് ഡ്രൈവര്‍ റാങ്ക്പട്ടികയിലെ ഉദ്യോഗാര്‍ഥികളില്‍നിന്നു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നായിരുന്നു സന്തോഷ് കുമാറിനെതിരേയുള്ള പരാതി.
റാങ്ക്പട്ടികയുടെ കാലാവധി കഴിഞ്ഞ നവംബറില്‍ തീര്‍ന്നിരുന്നു. ഇതില്‍ നിയമനം ലഭിക്കാത്തവര്‍ കാലാവധി നീട്ടിക്കിട്ടുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കവേ, സന്തോഷ് ഇവരുടെ രഹസ്യയോഗം വിളിച്ചു.
കാലാവധി ദീര്‍ഘിപ്പിച്ചു ജോലി വാങ്ങിത്തരാമെന്നും ജില്ലയില്‍ മുമ്പും ഇത്തരത്തില്‍ പൊലിസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണത്രെ പണം തട്ടാന്‍ ശ്രമിച്ചത്. പത്തുലക്ഷം രൂപയാണ് സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. പൊലിസ് അസോസിയേഷന് മുന്‍ ജില്ലാ പ്രസിഡന്റാണ് സന്തോഷ് കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."