സഊദിയിലേക്ക് ചാർട്ടേഡ് വിമാന സർവ്വീസ് ഉടനെന്ന് ട്രാവൽസുകൾ
റിയാദ്: സഊദിയിലേക്ക് കേരളത്തിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ ഉടനെന്ന് ട്രാവൽസുകൾ. കേരളത്തിലെ പ്രമുഖ ട്രാവൽസാണ് സഊദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ചാർട്ടേഡ് വിമാന സർവ്വീസുകൾ ഒരുക്കുന്നത്. ചാർട്ടേഡ് വിമാന സർവ്വീസ് നടത്തുന്നതിനുള്ള അനുമതി ആദ്യ ഘട്ടം ലഭ്യമായിട്ടുണ്ടെന്നും അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേരളത്തിലെ പ്രമുഖ ട്രാവൽ ഏജൻസി സുപ്രഭാതത്തോട് വ്യക്തമാക്കി. ഇന്ത്യൻ സർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിനെറെയും അനുമതി ലഭ്യമായിട്ടുണ്ട്. സഊദിയുടെ ഭാഗത്ത് നിന്നും ഏകദേശം അനുമതി ലഭ്യമായി. എങ്കിലും അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അടുത്ത പ്രവർത്തി ദിവസങ്ങളിൽ തന്നെ ഇവ ലഭ്യമാകുമെന്നും ട്രാവൽസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിന്റെയടിസ്ഥാനത്തിൽ തന്നെ ട്രാവൽസ് ഏജൻസികൾ ചാർട്ടേഡ് വിമാന ഷെഡ്യൂളും പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്കും റിയാദിലേക്കും വിമാന സർവ്വീസിനുള്ള പ്രാഥമിക അനുമതിയാണ് ഇപ്പോൾ ലഭ്യമായത്. കോഴിക്കോട് നിന്നും സർവീസിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും ചാർട്ടേഡ് വിമൻസ് സർവ്വീസിന് ശ്രമിക്കുന്ന ട്രാവൽസ് ഏജൻസി വ്യക്തമാക്കി. നിലവിൽ ഷെഡ്യൂൾ പ്രഖ്യാപിച്ച ചാർട്ടേഡ് വിമാന സർവ്വീസ് സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ വിമാനത്തെ ഉപയോഗിച്ചാണ് നടത്തുന്നത്. ഇതിനയായുള്ള ശ്രമങ്ങളാണ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ഇന്ത്യൻ വിമാന കമ്പനികളെ ഉപയോഗിച്ച് ചാർട്ടേഡ് വിമാന സർവ്വീസ് നടത്താൻ ശ്രമം നടത്തിയെങ്കിലും ഇത് വിജയം കണ്ടില്ലെന്നും ട്രാവൽസ് ഏജൻസി വ്യക്തമാക്കി. ഇതേ തുടർന്നാണ് സഊദിയ വിമാന കമ്പനിയുമായി ഇത് സംബന്ധിച്ച് നീക്കങ്ങൾ നടത്തിയത്.
കൊവിഡ് വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഭാഗികമായി പിൻവലിച്ചതോടെ സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനങ്ങൾക്ക് അനുമതി നൽകി മാർഗ്ഗ നിർദേശങ്ങൾ ഉൾപ്പെടുന്ന സർക്കുലർ നേരത്തെ പുറത്തിറക്കിയിരുന്നു. സഊദിയിലേക്കുള്ള മടക്കയാത്രയുടെയും സഊദിക്ക് പുറത്തേക്കുള്ള യാത്രയുടെയും നിബന്ധനകൾ വ്യക്തമാക്കുന്ന സർക്കുലറിൽ രാജ്യത്ത് നിന്ന് വിദേശത്തേക്കും തിരികെയും യാത്രക്കാരെ കൊണ്ടുപോകുന്നതിനും വരുന്നതിനുമുള്ള അനുമതി നൽകിയതായും വ്യക്തമാക്കിയിരുന്നു.
സഊദി പൗരന്മാർ, എക്സിറ്റ് എൻട്രി വിസ, ഇഖാമ, സന്ദർശന വിസ എന്നിവയുള്ള വിദേശികൾക്കും യാത്രാ സൗകര്യമൊരുക്കാനാണ് വിമാന കമ്പനികൾക്ക് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ നിർദേശം. യാത്ര പുറപ്പെടുന്നതിന്റെ മുമ്പ് 48 മണിക്കൂറിനുള്ളിൽ അംഗീകൃത ലബോറട്ടറിയിൽ നിന്ന് നടത്തിയ കൊറോണ പരിശോധന നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖയുള്ളവർക്ക് മാത്രമേ ബോഡിംഗ് അനുവദിക്കൂ. കൂടാതെ, സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമേ സഊദിയിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള യാത്രയും അനുവദിക്കൂ. സെപ്റ്റംബർ 15 നു ചൊവ്വാഴ്ച രാവിലെ ആറ് മുതലാണ് നേരത്തെയുണ്ടായിരുന്ന യാത്ര വിലക്ക് ഭാഗികമായി സഊദി എടുത്ത് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."