രണ്ടുഘട്ടം മാത്രം ബാക്കിനില്‍ക്കെ അസാധാരണ നീക്കവുമായി പ്രതിപക്ഷം; 21 കക്ഷിനേതാക്കള്‍ രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: 17മത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി രണ്ടുഘട്ട വോട്ടെടുപ്പ് മാത്രം അവശേഷിക്കെ അസാധാരണനീക്കവുമായി പ്രതിപക്ഷം. ബി.ജെ.പി വിരുദ്ധ 21 പ്രതിപക്ഷകക്ഷികള്‍ ഉടന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഫലം പുറത്തുവരുമ്പോള്‍ ഒരുകക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷം രാഷ്ട്രപതിയെ സമാപിക്കുന്നത്. ഇതുസംബന്ധിച്ച നിവേദനം 21 കക്ഷിനേതാക്കളും രാഷ്ട്രപതിക്കു കൈമാറും. ഫലം പുറത്തുവന്നയുടന്‍ പരസ്പരം പിന്തുണയ്ക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുന്ന കത്തുകള്‍ ഇവര്‍ രാഷ്ട്രപതിക്കു സമര്‍പ്പിക്കാനും സാധ്യതയുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ചെയ്തു.
പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു തനിച്ചു ഭൂരിപക്ഷം ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാവും മുന്‍പേ ഒരുമുഴംമുന്നിലെറിഞ്ഞ് പ്രതിപക്ഷത്തിന്റെ നീക്കം. പ്രാദേശിക പാര്‍ട്ടികളുടെ മുന്നണികളെ തകര്‍ക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ബി.ജെ.പിക്ക് രാഷ്ട്രപതി അവസരം നല്‍കുമെന്ന സൂചനകളും ഉണ്ടായിരുന്നു. ഇതും പ്രതിപക്ഷം മുന്‍കൂട്ടിക്കണ്ടു. 543 അംഗ ലോക്‌സഭയില്‍ 274 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."