സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് വൈകുന്നു; ദുബൈ വഴി മാർഗ്ഗവുമായി ഏജൻസികൾ രംഗത്ത്
റിയാദ്: സഊദിയിലേക്കുള്ള യാത്രാ നിരോധനത്തിന് ഭാഗികമായ അനുമതി നൽകിയെങ്കിലും നാട്ടിൽ നിന്നുള്ള വിമാന സർവ്വീസ് വൈകുന്നതിനെ തുടർന്ന് മറു മാർഗ്ഗവുമായി ഏജൻസികൾ രംഗത്ത്. ദുബായ് വഴി സഊദി പ്രവാസികളെ സഊദിയിലെത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങളുമായാണ് ഏജൻസികൾ രംഗത്തെത്തിയിരിക്കുന്നത്. സഊദിയിൽ അത്യാവശ്യമായി എത്തേണ്ട ഉന്നത ജോലിക്കാരെ ലക്ഷ്യമിട്ടാണ് ഏജൻസികൾ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരം ആളുകളെ ദുബായ് സന്ദർശക വിസയിൽ എത്തിക്കുകയും പിന്നീട് അവിടെ നിന്നും സഊദിയിലെത്തിക്കുന്നതിനുള്ള നടപടികളുമായാണ് ഏജൻസികൾ വല വിരിച്ചിരിക്കുന്നത്. ഉയർന്ന തുക ഈടാക്കിയുള്ള ഈ നീക്കത്തിൽ നേരത്തെ സഊദിയിൽ നിന്നും നാട്ടിലെത്തി തിരിച്ചു പോകാൻ കുടുങ്ങിയ പ്രവാസികളെയാണ് ഏജൻസികൾ ലക്ഷ്യമിടുന്നത്. യുഎഇയിൽ മറ്റു എമിറേറ്റുകളിൽ പതിനാല് ദിവസം ക്വാറന്റൈൻ വേണമെങ്കിൽ ദുബായിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് നേരിട്ട് പുറത്തിറങ്ങാവുന്നതാണ് ദുബായ് വഴി ഇത്തരമൊരു നീക്കത്തിന് ഏജൻസികൾ മുതിരുന്നത്.
ഇങ്ങനെ ദുബൈയിൽ പുറത്തിറങ്ങുന്നവർക്ക് വീണ്ടും ടെസ്‌റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി സഊദിയിലേക്ക് അനായാസേന കടക്കാനാകും. കാലാവധിയുള്ള വിസ, കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്ളവർക്ക് സഊദിയിലേക്ക് കടക്കാനാകുമെന്നതാണ് നിലവിലെ നിയമം. ഇത്തരത്തിലുള്ളവരെ ദുബൈയിലേക്ക് സന്ദർശക വിസ, ട്രാൻസിറ്റ് വിസ എന്നിവയിൽ ഏതെങ്കിലുമൊന്ന് സംഘടിപ്പിച്ച് നാട്ടിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ വഴിയോ വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ വഴിയോ ദുബൈയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
ഇവിടെ കൊവിഡ് നടപടികൾ പൂർത്തിയാക്കി സഊദിയിലേക്ക് കടത്താനാണ് നീക്കം. യുഎഇയിൽ നിന്നും സഊദിയിലേക്ക് സഊദി എയർ സർവ്വീസുകൾ പുനഃരാരംഭിച്ചതും ഇവർക്ക് ആശ്വാസമാകും. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും രണ്ട് വീതവും ദമാമിൽ നിന്നും ഒരു സർവ്വീസുമാണ് സഊദിയ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."