ദേശീയപാത വികസനം: പഠന റിപ്പോര്‍ട്ടിലെ അപാകതകള്‍ രണ്ടുമാസത്തിനകം പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാത വികസനം സംബന്ധിച്ച പഠന റിപ്പോര്‍ട്ടിലെ അപാകതകള്‍ രണ്ടുമാസത്തിനകം പരിഗണിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ചേര്‍ത്തല തിരുവനന്തപുരം ദേശീയപാത വികസനത്തിന്റെ ഭാഗമായി തയാറാക്കിയ സാധ്യതാ പഠന റിപ്പോര്‍ട്ടിലെ അപാകതകള്‍ സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശം.
നിലവിലെ പഠന റിപ്പോര്‍ട്ടില്‍ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി നിര്‍ദിഷ്ട ദേശീയപാത വികസന മേഖലയിലെ ഒരു കൂട്ടം ഭൂവുടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. പരാതിക്കാര്‍ക്ക് നോട്ടിസ് നല്‍കിയശേഷം പരാതി പരിശോധിച്ച് തീര്‍പ്പാക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
142 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവിലെ റൂട്ടില്‍ ഉണ്ടെങ്കിലും എട്ടു മാത്രമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 206 മതസ്ഥാപനങ്ങളുണ്ടങ്കിലും റിപ്പോര്‍ട്ടില്‍ 23 എണ്ണം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 163 ആശുപത്രികളും ക്ലിനിക്കുകളും ഉള്ളിടത്ത് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് നാലുമാത്രമാണ്.
ഈ സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് വിലയിരുത്തിയാണ് രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."