എ.ഡി.എമ്മിന്റെ പേരില്‍ തട്ടിപ്പ്; പൊലിസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്യാംകുമാറിനെതിരേ പൊലിസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം കലക്ടറേറ്റിലെത്തി പരാതിക്കാരനായ എ.ഡി.എം കെ. ചന്ദ്രശേഖരന് നായരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. തുടര്‍ന്ന് ശ്യാംകുമാറിനെ അറസ്റ്റ് ചെയ്യാന്‍ കാക്കനാട് പാട്ടുപുര നഗറിലുള്ള വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ വൈകിട്ടോടെയാണ് പരാതിക്കാരനായ എ.ഡി.എമ്മിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തിയത്.
തൃക്കാക്കര അഡിഷണല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കലക്ടറേറ്റിലെത്തി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസ് പ്രതിയുടെ വീട്ടിലെത്തിയത്.
ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് ശ്യാംകുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ പള്ളിക്കര വണ്ടര്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ കയറിയത്. പാര്ക്കിലെത്തുന്നതിനു മുന്‍പ് എ.ഡി.എം ആണെന്ന വ്യാജേന ശ്യാം പാര്‍ക്ക് അധികൃതരെ വിളിച്ചു തന്റെ ബന്ധുക്കള്‍ വരുന്നുണ്ടെന്നും പരിഗണിക്കണമെന്നും പറഞ്ഞു.
ഇതനുസരിച്ച് സംഘത്തിന് പ്രവേശനം നല്‍കുകയും ചെയ്തു. പിന്നീട് വണ്ടര്‍ അധികൃതര്‍ എ.ഡി.എമ്മുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ആള്‍മാറാട്ടം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. തൃക്കാക്കര പൊലിസ് ഇന്‍സ്പെക്ടര്‍ സജു എസ്. ദാസിന്റെ നേതൃത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."