പ്രാവച്ചമ്പലത്തെ ഗതാഗത കുരുക്ക്; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമില്ല
നേമം: പ്രാവച്ചമ്പലം-കാട്ടാക്കട റോഡ് തിരിയുന്ന ദേശീയപാതയില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും സ്‌കൂള്‍ വിടുന്ന സമയത്തും മൂക്കുന്നിമല ക്വാറികളിലേയ്ക്കുളള ലോറി ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണം ഇപ്പോള്‍ തുടര്‍ന്നും നടപ്പിലാക്കാത്തതാണ് ഗതാഗതക്കുരുക്കുണ്ടാകാന്‍ കാരണമായി ആരോപണം ഉയരുന്നത്.
പുലര്‍ച്ചെ മുതല്‍ മൂക്കുന്നിമലയിലെ ക്വാറികളിലേയ്ക്ക് ചീറിപായുന്ന ടിപ്പറുകള്‍ പ്രദേശവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. പല ദിവസങ്ങളിലും പ്രശ്‌നം രൂക്ഷമാക്കുന്നത് പൊലിസു തന്നെ. കണ്‍ടോള്‍മെന്റ് സ്റ്റേഷനില്‍നിന്നുളള ഒരു വാഹനം പ്രാവച്ചമ്പലം-കാട്ടാക്കട റോഡിനരികില്‍ പാര്‍ക്ക് ചെയ്ത ശേഷം ഇരുചക്ര വാഹനങ്ങളെയും ഓഫിസില്‍ പോകുന്ന ജീവനക്കാരെയും ഏറെ നേരം തടഞ്ഞിട്ട ശേഷം മൂക്കുന്നിമലയിലേ ക്വാറികളിലേയ്ക്കുള്ള ടിപ്പറുകള്‍ക്ക് വഴിയൊരുക്കുകയാണ് പതിവെന്നാണ് നാട്ടുകാര്‍ക്കിടയിലുള്ള ആക്ഷേപം.
രാവിലെ ഒന്‍പതു മണിയായാല്‍ പ്രാവച്ചമ്പലം- കാട്ടാക്കട റോഡിന് സമീപം മൂക്കുന്നിമലയിലേയ്ക്കുളള ടിപ്പറുകളാല്‍ കൊട്ടിക്കലാശം നടത്തുന്ന തരത്തിലുള്ള അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. മുന്‍പ് നിലനിന്നിരുന്ന ഇതുവഴിയുള്ള ലോറികളുടെ സമയക്രമം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."