ദുരിതപർവ്വം കടന്ന് മുപ്പതുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി
ദമാം: മുപ്പതു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ദുരിതങ്ങൾ താണ്ടിയ തിരുവനന്തപുരം തൊളിക്കോട് സ്വദേശിയായ കുട്ടി മേശിരി നാടണഞ്ഞു. പ്രവാസ ജീവിതം പ്രയാസമായ അൽഹസ്സയിലെ കോലാബിയയിൽ താമസിച്ചിരുന്ന കൃഷ്ണൻകുട്ടി എന്ന കുട്ടി മേശിരിയാണ് നവയുഗം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. രോഗബാധിതയായി രണ്ടു കാലും മുറിച്ചു മാറ്റേണ്ടി വന്ന ഭാര്യ, ആകെ സമ്പാദ്യം രണ്ടര സെന്റ് സ്ഥലത്ത് ഉള്ള കൊച്ചു വീട്, മൂന്നു പെൺമക്കൾ എന്നിങ്ങനെയുള്ള ജീവിത പ്രാരാബ്ദങ്ങൾക്കിടയിലാണ് മുപ്പത് കൊല്ലം പ്രവാസിയായി കഴിയേണ്ടി വന്നത്.
അൽഹസ്സയിൽ ആദ്യകാലത്തു സ്‌പോൺസറുടെ കൂടെ ജോലി ചെയ്യുന്നതിനിടയിൽ സഊദി വത്ക്കരണം വന്നപ്പോൾ സ്പോൺസർ ഒഴിവാക്കി. പിന്നീട് സ്വന്തമായി മേശിരിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ചെറിയ ജോലികൾ കണ്ടുപിടിച്ചു ചെയ്ത് പണമുണ്ടാക്കി. പത്തുവർഷമായി നാട്ടിൽ പോയിട്ടില്ല. ഇതിനിടെ, ഇഖാമ കാലാവധി തീർന്നിട്ട് പുതുക്കാൻ പോലും കഴിഞ്ഞില്ല. വിവിധ അസുഖങ്ങൾ നേരിടുന്ന ഇദ്ദേഹം കൊറോണയും ലോക്ക്ഡൗണും വന്നപ്പോൾ വരുമാനം പൂർണ്ണമായും നിലച്ചതോടെ താമസിച്ചിരുന്ന റൂമിൽ നിന്നും കെട്ടിടഉടമ ഇറക്കി വിട്ടു. അതോടെ ഒരു സുഹൃത്തിന്റെ മുറിയിയിലായിരുന്നു താമസം.
നാട്ടിലെ ബന്ധുക്കൾ സിപിഐ പ്രാദേശികനേതാക്കൾ വഴി നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരത്തെ ബന്ധപ്പെട്ടതോടെയാണ് വിഷയം സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്. അൽഹസ്സ മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായ ഉണ്ണി മാധവം താമസിയ്ക്കുന്ന സ്ഥലത്തെത്തി കുട്ടി മേശിരിയെ നേരിട്ട് കണ്ടു വിവരങ്ങൾ മനസ്സിലാക്കി താത്‌കാലിക സഹായങ്ങൾ കൈമാറി. നവയുഗം ജീവകാരുണ്യ കൺവീനർ ഷിബുകുമാർ സഊദി അധികാരികളും, ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിയമകുരുക്കുകൾ അഴിച്ച് കുട്ടിമേശിരിയുടെ പാസ്പോർട്ടിൽ എക്സിറ്റ് അടിച്ചു. ജനറൽ സെക്രട്ടറി എം.എ.വാഹിദിന്റെ ഇടപെടലിൽ നോർക്കയുടെ ചാർട്ടേർഡ് വിമാനത്തിൽ സൗജന്യമായി ടിക്കറ്റും സംഘടിപ്പിച്ചു.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എംഎ വാഹിദ്, ഉണ്ണി മാധവ്, സാജൻ കണിയാപുരം, ദാസൻ രാഘവൻ, അഖിൽ അരവിന്ദ്, ബിനുകുമാർ എന്നിവർ വിമാനടിക്കറ്റും എക്സിറ്റ് പേപ്പറുകളും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."