വീണ്ടും ഖേദപ്രകടനവുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി
ലണ്ടന്‍: ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ വീണ്ടും ഖേദപ്രകടനവുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ. ബ്രിട്ടിഷ് ഇന്ത്യന്‍ ചരിത്രത്തില്‍ ലജ്ജാകരമായ മുറിവാണ് 1919ല്‍ നടന്ന കൂട്ടക്കൊലയെന്ന് തെരേസാ മേ ആവര്‍ത്തിച്ചു.
ആദ്യ സിക്ക് ഗുരുവായ ഗുരനാനാക്കിന്റെ 550-ാം ജന്മദിനമായി 2019നെ ആചരിക്കുന്നതോടൊപ്പം ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമായിട്ടും ചരിത്രത്തില്‍ ഈ വര്‍ഷം അടയാളപ്പെടുത്തുമെന്ന് മേ പറഞ്ഞു.
കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ അഗാധമായി ഖേദംപ്രകടിപ്പിക്കുയാണ്. നിരവധി പേരാണ് ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡൗണ്‍ സ്ട്രീറ്റില്‍ ബുധനാഴ്ച നടന്ന വൈസകി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജാലിയാന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മാപ്പ് പറയണമെന്ന് ഇന്ത്യയും ബ്രിട്ടിഷ് പ്രതിപക്ഷവും തെരേസാ മേയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഖേദപ്രകടനം മാത്രമാണ് അവര്‍ നടത്തിയത്. ഏപ്രില്‍ 13ന് ആണ് മേ നേരത്തെ ഖേദപ്രകടനം നടത്തിയത്.
1919 ഏപ്രില്‍ 13നാണ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നടന്നത്. റൗലറ്റ് നിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടിഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
മതിലുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു മൈതാനം.മൈതാനത്തിന്റെ പ്രധാനവാതിലും മറ്റു വാതിലുകളും അടയ്ക്കാന്‍ ഡയര്‍ ആദ്യം തന്നെ പട്ടാളക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
ശേഷമാണ് അവിടെ കൂടിയിരുന്ന ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ പട്ടാളത്തിന് നിര്‍ദേശം നല്‍കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാല്‍ നാനൂറുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടിഷ് വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."