HOME
DETAILS
MAL
ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂള്‍
backup
September 22 2020 | 03:09 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂള്‍. ചെല്‍സിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ടീമിന്റെ രണ്ട് ഗോളും സെനഗല്‍ മുന്നേറ്റ താരം സാദിയോ മാനെയുടെ വകയായിരുന്നു. പ്രതിരോധതാരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ചെല്‍സിയെ തോല്‍വിയിലേക്ക് നയിച്ചത്. പിന്നീട് അവര്‍ 10 പേരായി ചുരുങ്ങി.
മത്സരത്തില്‍ വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെല്‍സിയുടെ ഡിഫന്‍ഡര്‍ ആന്ദ്രിയാസ് ക്രിസ്റ്റെന്സന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി. പന്തുമായി ചെല്‍സി ബോക്സിലേക്ക് കുതിച്ച സാദിയോ മാനെയെ പുറത്തുവച്ച് വീഴ്ത്തിയതിനാണ് താരത്തിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കിയത്. ആദ്യം മഞ്ഞക്കാര്‍ഡ് നല്‍കിയെങ്കിലും പിന്നീട് വാറിലൂടെ താരത്തിന് ചുവപ്പു കാര്‍ഡ് നല്‍കുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനുട്ടുകള്‍ക്കകം ലിവര്‍പൂളിന് ഇതിന്റെ ഫലം ലഭിക്കുകയും ചെയ്തു. റോബര്‍ട്ടോ ഫിര്‍മിനോ ഉയര്‍ത്തി നല്കിയ പന്ത് മാനെ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ചെല്‍സി വലയിലെത്തിച്ചു. നാല് മിനുട്ടുകള്‍ക്കകം മാനെ തന്നെ വീണ്ടും ലീഡ് നല്കി. ചെല്‍സി ഗോള്‍ കീപ്പര്‍ കെപ അരിസബലഗയുടെ വന്‍ പാളിച്ചയില്‍ നിന്നായിരുന്നു ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍.
ഗോള്‍ പോസ്റ്റിനു മുന്നില്‍ വച്ച് പ്രതിരോധ താരത്തിന് കെപ നല്കിയ പന്ത് അനായാസം പിടിച്ചെടുത്ത മാനെ നേരെ വലയിലേക്ക് തൊടുത്തു. 74ാം മിനുട്ടില്‍ ചെല്‍സിക്ക് പെനല്‍റ്റിയിലൂടെ ഗോളവസരം ലഭിച്ചെങ്കിലും പെനല്‍റ്റിയെടുത്ത ജോര്‍ജീഞ്ഞോയ്ക്ക് പിഴച്ചതോടെ ചെല്‍സിക്ക് വീണ്ടും ഗോള്രാഹിത്യം. ഒടുവില്‍ അവസാന വിസിലും മുഴങ്ങിയതോടെ 2-0ന്റെ ജയവുമായി മുന്‍ ചാംപ്യന്മാര് ആദ്യ മത്സരത്തില്‍ ബൂട്ടഴിച്ചു.
മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ബേണ്‍ലിയെ 4-2ന് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."