പാലാരിവട്ടം പാലം പൊളിച്ചുപണിയാം; സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു
കൊച്ചി: പാലരിവട്ടം പാലം പൊളിച്ചുപണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ അനുമതി. പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന കിറ്റ്കോ വാദം ആര്‍.ഡി.എസിനെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
ക്രിമിനല്‍ കേസ് അന്വേഷണം തടസപ്പെടുത്താനാണ് കിറ്റ്കോയുടെ ശ്രമം. സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്കോയും ഒത്തുകളിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഭാര പരിശോധന നടത്തേണ്ടത് മേല്‍പ്പാലം കമ്മീഷന്‍ ചെയ്ത ശേഷമല്ല. മേല്‍പ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ഒരു വഴിമാത്രമാണ് ഭാരപരിശോധനയെന്നും സര്‍ക്കാര്‍ പറയുന്നു.
അതേസമയം, പാലം പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്കോ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."