പാലാരിവട്ടം പാലം പൂര്‍ണമായും പൊളിക്കില്ല; പുനര്‍നിര്‍മാണം ഏറ്റെടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് ശ്രീധരന്
കൊച്ചി: പാലാരിവട്ടം പാലം പൂര്‍ണമായും പൊളിച്ച് നീക്കില്ല. 480 മീറ്ററോളം വരുന്ന ഭാഗമായിരിക്കും ഭാഗികമായി പൊളിച്ച് പണിയുക. പൊളിച്ചുനീക്കുന്നതിന് സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 10 മാസത്തിനുള്ളില്‍ പാലം ഗതാഗത യോഗ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, പാലം നിര്‍മ്മാണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇ. ശ്രീധരന്. നിര്‍മാണം ഏറ്റെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. പാലാരിവട്ടം ഡി.എം.ആര്.സിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതും, ജീവനക്കാരില്ലാത്തതുമാണ് പ്രശ്നമായി അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ഡി.എം.ആര്.സിയുടെ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി സംസാരിക്കും.
പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച ഇ. ശ്രീധരന് നല്കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്പിക്കാന് മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.
2014 സെപ്റ്റംബര്‍ ഒ്ന്നിന് നിര്‍മാണം തുടങ്ങി 2016 ഒക്ടോബര്‍ 12 ന് തുറന്ന് കൊടുത്ത പാലമാണ് നിര്‍മാണം ആരംഭിച്ച് ആറ് വര്‍ഷത്തിനിപ്പുറം പൊളിച്ച് പണിയാന്‍ ഒരുങ്ങുന്നത്. മൊത്തം 750 മീറ്റര്‍ നീളമുള്ള പാലത്തിന്റെ 480 മീറ്റര്‍ വരുന്ന ഭാഗത്താണ് ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. പാലത്തിന്റെ 19 സ്പാനുകളില്‍ 17 എണ്ണവും പുനഃസ്ഥാപിക്കണം. ഗര്‍ഡറുകള്‍ പുനഃക്രമീകരിക്കണം. 18 പിയര്‍ ക്യാപുകളില്‍ 16 എണ്ണത്തിനും 102 ആര്‍സിസി ഗര്‍ഡറുകളില്‍ 97 എണ്ണത്തിനും വിള്ളലുകള്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."