അന്വേഷണം എങ്ങുമെത്താതെ കണ്ടത്തുവയല്‍ ഇരട്ടക്കൊല
കല്‍പ്പറ്റ: നാടിന്റെ നടുക്കിയ കണ്ടത്തുവയലിലെ യുവദമ്പതികളുടെ കൊലപാതകത്തിന്‍മേലുള്ള അന്വേഷണവും പ്രളയത്തില്‍ മാഞ്ഞുപോയി.
ഈ മാസം ആറിന് ഈ കൊലപാതകം നടന്നിട്ട് രണ്ട് മാസങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ആദ്യ ദിസവസങ്ങളില്‍ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാകുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്ക് മുഴുവനുമുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീങ്ങിയതോടെ അവരുടെ പ്രതീക്ഷയും പതിയെ നിലച്ച് തുടങ്ങി. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി താലൂക്കില്‍ ഹര്‍ത്താല്‍ അടക്കം നടത്തി പ്രക്ഷോപങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നെങ്കിലും ഇന്ന് അതും നിലച്ച മട്ടാണ്. മുന്‍പ് വയനാട്ടിലുണ്ടായ പല കൊലപാതകങ്ങളിലും പ്രതികള്‍ ഇന്നും കാണാമറയത്താണ്. ഈ കേസുകളുടെ ഗണത്തിലേക്ക് കണ്ടത്തുവയലിലെ കൊലപാതകം മാറരുതേയെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പ്രാര്‍ഥന. ലോക്കല്‍ പൊലിസിന്റെ അന്വേഷണത്തില്‍ തുമ്പൊന്നും കണ്ടെത്താനാവാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയിരുന്നു. അതിനിടയില്‍ അല്‍പംകൂടി സാവകാശം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമയം അനുവദിക്കുകയും ചെയ്തു.
അതിനിടെയാണ് വയനാടിനെയും കേരളത്തെയും അപ്പാടെ വിഴുങ്ങിയ പ്രളയമുണ്ടാകുന്നത്. ഇതോടെ കേസന്വേഷണവും നിലച്ചു. മാനന്തവാടി ഡിവൈ.എസ്.പി എം.കെ ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ പ്രത്യക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ മാസം രണ്ടിലെത്തുമ്പോഴും കൊലപാതക കാരണത്തില്‍ പോലും കൃത്യതയിലെത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍(26) ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടിരുന്നത്. ഇത് രണ്ടും കണ്ടെത്താന്‍ പൊലിസ് നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെയും വിജയം കണ്ടിട്ടില്ല. സ്വര്‍ണം കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയുടെ സഹായവും പൊലിസ് തേടിയിരുന്നു.
ഇരുമ്പുവടി, ഘനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് അടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ഇവ കണ്ടെത്താന്‍ ഡോഗ്‌സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
വീടിനോടനുബന്ധിച്ചുള്ള കുളിമുറിയില്‍ നിന്നും മറ്റും ലഭിച്ച കാല്‍പാദത്തിന്റെ അടയാളങ്ങള്‍ വെച്ച് വിശദമായ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സമാന കേസുകളിലുള്‍പ്പെട്ടവരെ വിളിച്ചു വരുത്തിയും ചോദ്യം ചെയ്യല്‍ നടന്നു. പക്ഷെ പ്രതികളിലേക്കെത്താനുള്ള പൊലിസിന്റെ ശ്രമങ്ങളെല്ലാം പരാചയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."