HOME
DETAILS

വിദേശ സംഭാവന നിയന്ത്രണ ബില്‍ ദുരുപദിഷ്ടം

  
backup
September 24 2020 | 01:09 AM

external-help

 


ലോക്‌സഭ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ ബില്‍ രാജ്യസഭയും കടന്നതോടെ രാജ്യത്തെ സന്നദ്ധസംഘടനകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അഗതി അനാഥ സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാവുകയും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിലയ്ക്കുകയും ചെയ്യും. ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെയായിരിക്കും ഇതു കൂടുതലും ബാധിക്കുക. മാത്രമല്ല, രാജ്യത്ത് ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികള്‍ ഇടക്കിടെ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ വീടും സമ്പാദ്യവും തൊഴില്‍ ഉപകരണങ്ങളും നഷ്ടപ്പെടുന്ന മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അത്താണിയായി തീര്‍ന്നിരുന്നത് സന്നദ്ധ സംഘടനകളുടെ സഹായമായിരുന്നു. ഇതു മനസിലാക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കിയത്. കലാപങ്ങളില്‍ എല്ലാം നഷ്ടപ്പെടുന്നവര്‍ ഒരിക്കലും പഴയ നിലയിലേക്കെത്തരുതെന്ന ദുഷ്ടലാക്കോടെയാണ് വര്‍ഗീയ ശക്തികള്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പാര്‍പ്പിടങ്ങളും സ്ഥാപനങ്ങളും തൊഴില്‍ ഉപകരണങ്ങളും അഗ്‌നിക്കിരയാക്കിക്കൊണ്ടിരിക്കുന്നത്. അവരെ ഈ ദുരന്തത്തില്‍ നിന്നും കരകയറ്റാന്‍ സഹായിച്ചുകൊണ്ടിരുന്നത് സന്നദ്ധ സംഘടനകളായിരുന്നു. സന്നദ്ധ സംഘടനകള്‍ നാട്ടില്‍ നിന്നും വിദേശ എന്‍.ജി.ഒ ഫണ്ടുകളില്‍ നിന്നും സഹായം സ്വീകരിച്ചായിരുന്നു വര്‍ഗീയ കലാപങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു കൊണ്ടിരുന്നത്.
ഇതൊരിക്കലും സംഘ്പരിവാര്‍ ശക്തികള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. ഓരോ വര്‍ഗീയ കലാപങ്ങള്‍ കൊണ്ടും അവരുദ്ദേശിക്കുന്നത് ഇരയാകുന്നവരെ സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കുക എന്നതാണ്. ഈ പതനത്തില്‍ നിന്നൊരിക്കലും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് അവര്‍ക്ക് ഉണ്ടാകരുതെന്നത് സംഘ്പരിവാര്‍ തീരുമാനമാണ്. എല്ലാം നഷ്ടപ്പെടുന്ന കലാപ ഇരകളെ ഇതുവഴി വേഗത്തില്‍ അരികുവല്‍ക്കരിക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഈ ബോധ്യമാണ് 2002ല്‍ അവര്‍ ഗുജറാത്തില്‍ നടപ്പാക്കിയത്. ഗുജറാത്ത് കലാപത്തിനായി ഗോധ്ര തീവണ്ടിയപകടം അവര്‍ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തു. ഇതും ഫാസിസത്തിന്റെ ഒരു തന്ത്രമാണ്.


ഗുജറാത്തില്‍ സംഘ്പരിവാര്‍ നടത്തിയ മുസ്‌ലിം വംശഹത്യയുടെ യഥാര്‍ഥ ചിത്രം ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത് സന്നദ്ധ പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദായിരുന്നു. അന്നു മുതല്‍ സെതല്‍വാദ് സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ്. വ്യാജ കുറ്റാരോപണം അവര്‍ക്കുമേല്‍ ചുമത്തി തിഹാര്‍ ജയിലില്‍ തളച്ചിടാന്‍ വരെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തുവെങ്കിലും കോടതി ഇടപെട്ട് അതു തടയുകയായിരുന്നു. മാത്രമല്ല, എന്ത് ഉദ്ദേശ്യത്തോടെയായിരുന്നുവോ സംഘ്പരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തിയത്, അതിനെ പരാജയപ്പെടുത്തും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് ഇരകള്‍ക്കു വേണ്ടി സെതല്‍വാദ് ചെയ്തത്. ഇരകളുടെ പുനരധിവാസത്തിനു വേണ്ടിയും അവര്‍ക്ക് കേസ് നടത്താനും അവരുടെ സന്നദ്ധ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് നിരവധി കാര്യങ്ങളാണ് ചെയ്തത്.
വിദേശ സംഭാവനാ നിയന്ത്രണ നിയമം ഉപയോഗിച്ച് സെതല്‍വാദിന് നേരെയും അവരുടെ സംഘടനയ്ക്ക് നേരെയും പ്രതികാരം തീര്‍ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതിന്റെ പരിഷ്‌കരിച്ചതും പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കാതിരിക്കാന്‍ കുറെക്കൂടി തടസങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുള്ളതുമാണ് ഇപ്പോള്‍ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്താല്‍ രാജ്യസഭയിലും ഈ മാരണബില്‍ പാസാക്കാന്‍ സര്‍ക്കാരിനു വലിയ പ്രയാസം ഉണ്ടായിട്ടുണ്ടാകില്ല. എന്നാല്‍ രാജ്യത്ത് 30,000 സന്നദ്ധ സംഘടനകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ പോകുന്നത്. ബില്‍ നിയമമാകുന്നതോടെ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തുനിന്ന് പ്രവര്‍ത്തന ഫണ്ട് സ്വീകരിക്കാന്‍ കഴിയാതെ വരും. സംഘടനകളുടെ ഓഫിസ് പ്രവര്‍ത്തനവും വാടകയും ഇതു പോലുള്ള സംഭാവനകളിലൂടെയായിരുന്നു നിര്‍വഹിച്ചു പോന്നിരുന്നത്. പുതിയ നിയമം വരുന്നതോടെ ഓഫിസുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. പ്രവര്‍ത്തനം അവതാളത്തിലാകുന്നതോടെ സഹായം അര്‍ഹിക്കുന്നവര്‍ക്ക് അതു കിട്ടാതാകും.


സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത സഹായങ്ങളായിരുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഗ്രീന്‍പീസ് പോലുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തിലൂടെ ഇന്ത്യയില്‍ സന്നദ്ധ സംഘടനകള്‍ നിര്‍വഹിച്ചു പോന്നിരുന്നത്. അതെല്ലാം ഇനി ഇല്ലാതാകും. എന്നാല്‍ സര്‍ക്കാരിനു താല്‍പര്യമുള്ള സംഘടനകള്‍ക്ക് ഇഷ്ടം പോലെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ഉപാധികള്‍ ഭേദഗതി നിയമത്തിലുണ്ടു താനും. സര്‍ക്കാരിന് താല്‍പര്യമില്ലാത്ത സംഘടനകള്‍ക്ക് ഫണ്ട് നിഷേധിക്കാന്‍ ഏതെങ്കിലും കുറ്റം അത്തരം സംഘടനകളുടെ മേല്‍ ആരോപിച്ചാലും മതി. അതിനുള്ള വകുപ്പ് പുതിയ നിയമത്തില്‍ ഉണ്ട്. ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏതു സമയത്തും അന്വേഷണം നടത്താനും ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് അന്വേഷണത്തിന് ഉത്തരവിടാനും വിദേശ സഹായം നിഷേധിക്കാനും ഇതിലൂടെ കഴിയും. കിട്ടിയ ഫണ്ട് ഉപയോഗിക്കുന്നത് തടഞ്ഞുവയ്ക്കുകയും ചെയ്യാം. ചുരുക്കത്തില്‍ സംഘ്പരിവാര്‍ സഹയാത്രികരായ സംഘടനകള്‍ക്ക് മാത്രം വിദേശ ഫണ്ട് ലഭ്യമാകുന്ന മാരണനിയമമാണ് വരാന്‍ പോകുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവും പുരോഗതിയും ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഞെക്കിക്കൊല്ലാനായി മാത്രം നിര്‍മിച്ച ഈ നിയമത്തിനെതിരേ മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളില്‍ നിന്നും അതിശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago