കള്ളവോട്ട്: കണ്ണൂരില്‍ പത്ത് പേര്‍ക്കെതിരേ കേസ്
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മടത്തും കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ രണ്ടു കേസുകളിലായി പൊലിസ് 10 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്‍പത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും ഒരു സി.പി.എം പ്രവര്‍ത്തകനെതിരേയുമാണ് കേസ്.
പാമ്പുരുത്തിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ എം. അബ്ദുല്‍ സലാം, കെ.പി മര്‍ഷദ്, കെ.പി ഉനൈസ്, കെ. അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുല്‍ സലാം, കെ.പി സാദിഖ്, മുബഷിര്‍, ഷമല്‍ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ.പി.സി 171 സി, ഡി, എഫ് എന്നീ വകുപ്പുകള്‍ പ്രകാരം മയ്യില്‍ പൊലിസാണ് കേസെടുത്തത്.
യഥാര്‍ഥ വോട്ടിനുപുറമെ ഗള്‍ഫിലുള്ളവരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വോട്ടുചെയ്യാന്‍ ശ്രമം നടത്തിയെന്ന കേസും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് മുഹമ്മദ് കുഞ്ഞി, സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റ് സഫീര്‍ എന്നിവര്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ധര്‍മടത്തെ കുന്നിരിക്ക യു.പി സ്‌കൂളിലെ ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകനായ എ.കെ സായൂജ് കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ കൂത്തുപറമ്പ് പൊലിസാണ് കേസെടുത്തത്. കുന്നിരിക്ക സ്‌കൂളിലെ 52, 53 നമ്പര്‍ ബൂത്തുകളില്‍ എ.കെ സായൂജ് എന്നയാള്‍ ആള്‍മാറാട്ടം നടത്തി വ്യാജവോട്ട് രേഖപ്പെടുത്തിയെന്നു കാണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ ചീഫ് ഏജന്റ് കെ. സുരേന്ദ്രന്‍ നേരത്തെ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഈ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയതിനെ തുടര്‍ന്നാണ് കമ്മിഷന്റെ നിര്‍ദേശാനുസരണം കൂത്തുപറമ്പ് പൊലിസ് കേസെടുത്തത്.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പെട്ട നാല് നിയമസഭാ മണ്ഡലങ്ങളിലെ 200 സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന യു.ഡി.എഫിന്റെ പരാതിയില്‍ കലക്ടര്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇവരുടെ വിശദീകരണം ലഭിക്കുന്നമുറയ്ക്ക് ഇക്കാര്യത്തിലും തുടര്‍നടപടി ഉണ്ടാകും.
തളിപ്പറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, ധര്‍മടം മണ്ഡലങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന തെളിവുകള്‍ സഹിതമായിരുന്നു യു.ഡി.എഫിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."