ഇന്ന് അധ്യാപക ദിനം: ഐക്കരപ്പടി കുറ്റിത്തൊടി കുടുംബത്തിലെ അധ്യാപക മാഹാത്മ്യം
കൊണ്ടോട്ടി: എന്തുകൊണ്ടാണ് മക്കളെ മുഴുവന്‍ അധ്യാപകരാക്കിയതെന്ന് ചോദിച്ചാല്‍ മാതാവ് ഹലീമ ചിരിക്കും. അഞ്ചാം ക്ലാസ് വരെ മാത്രം അധ്യാപകരെ കണ്ടിട്ടുള്ള അവര്‍ക്ക് മക്കളായ അഞ്ചുപേരെയും അധ്യാപകരാക്കാനായിരുന്നു മോഹം. ആഗ്രഹത്തിന് ഹോമിയോ ചികിത്സകനായ ഭര്‍ത്താവ് അബൂബക്കറും പിന്തുണനല്കിയതോടെ അഞ്ച് മക്കളേയും അവര്‍ അധ്യാപകരാക്കി. അധ്യാപകരല്ലാത്ത മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിക്കാനായി മക്കളായ അഞ്ച് പേരും ജീവിതം അധ്യാപനത്തിനായി സമര്‍പ്പിച്ചു.
ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടി കുറ്റിത്തൊടി അബൂബക്കര്‍-കാടേങ്ങല്‍ ഹലീമ ദമ്പതികളുടെ വീട്ടിലാണ് നാട്ടുകാര്യവും വീട്ടുകാര്യവുമെല്ലാം ഇന്ന് അധ്യാപനമാകുന്നത്. മൂത്തമകള്‍ നൂര്ജഹാന് എ.ആര് നഗര്‍ ഇരുമ്പുചോല എ.എം.യു.പി സ്കൂള്‍ അധ്യാപികയാണ്. 25 വര്‍ഷമായി ഇവര്‍ സ്കൂളിലെ വിദ്യാരംഗം കണ്‍വീനറാണ്. ഭര്‍ത്താവൊന്നിച്ചു വിദേശത്തായിരുന്ന രണ്ടാമത്തെ മകള്‍ ജാബിറ ശബ്നം അധ്യാപക പരിശീലനത്തില്‍ റാങ്കോടെ പരീക്ഷ പാസായി വിദേശത്ത് അധ്യാപികയാണ്.
കൊണ്ടോട്ടി മേലങ്ങാടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കായികാധ്യാപകനാണ് മൂത്തമകന് ഷാജഹാന്. സംസ്ഥാനത്തിനു തന്നെ മാതൃകയായ സ്പോര്‍ട്സ് ലൈബ്രറി, സ്പോര്‍ട്സ് ഫെയര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക മേള, മോബൈല്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫി തുടങ്ങിയ വേറിട്ട പദ്ധതികള്‍ സ്കൂളില്‍ നടപ്പിലാക്കി ശ്രദ്ധേയനാണ്, ഇദ്ദേഹം.
20 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അറബിക് അധ്യാപകനായ സാലിഹ് ഇബ്രാഹീം മൊറയൂര്‍ വാലഞ്ചേരി ഗവ.എല്‍ പി സ്കൂള്‍ അധ്യാപകനാണ്. ഇളയ മകന് അഫ്സല് ഐക്കരപ്പടി പുത്തൂപ്പാടം എല്‍.പി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനും അധ്യാപകപരിശീലകന്‍ കൂടിയാണ്. അഫ്സലിന്റെ കുട്ടികള്‍ക്കായുള്ള കവിത സമാഹാരം ഉടന്‍ പുറത്തിറങ്ങും.
പിതാവ് അബൂബക്കര്‍ വിദേശത്തും നാട്ടിലുമൊക്കെയായി ഹോമിയോ ചികിത്സകനായിരുന്നു. അധ്യാപനാഭിരുചി കണ്ടെത്തി മക്കളെ നയിക്കാന്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയത് അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മാതാവ് ഹലീമയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."