നിനക്കെന്തിനാ ഒരു ശത്രു...?
അയാള്‍ എന്റെ ശത്രുവാണെന്നതും ഞാന്‍ അയാളുടെ ശത്രുവാണെന്നതും വ്യത്യസ്ത അര്‍ഥങ്ങള്‍ ദ്യോതിപ്പിക്കുന്ന പ്രയോഗങ്ങളാണ്. അയാള്‍ എന്റെ ശത്രുവാണെന്ന പ്രയോഗത്തില്‍ ഞാനാണ് ശത്രുത വച്ചുപുലര്‍ത്തുന്നത് എന്നര്‍ത്ഥമുണ്ട്. ഞാന്‍ അയാളുടെ ശത്രുവാണെന്ന പ്രയോഗത്തില്‍ ശത്രുത വച്ചുപുലര്‍ത്തുന്നത് അയാളാണ് എന്ന ധ്വനിയുമുണ്ട്.
അപ്പോള്‍ ഒരു ചോദ്യം: ശത്രു മിത്രമാകുന്നതെപ്പോള്‍..?
ശത്രു തന്റെ ശത്രുത മാറ്റി മൈത്രിക്കു തയ്യാറാകുമ്പോള്‍ എന്നാണ് ഉത്തരമെങ്കില്‍ അതിന് നൂറില്‍ പത്തു മാര്‍ക്കു കൊടുക്കാം. ശത്രുവിനോടുള്ള എന്റെ ശത്രുത മാറ്റാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ എന്നാണുത്തരമെങ്കില്‍ അതിന് നൂറില്‍ നൂറു മാര്‍ക്ക് കൊടുക്കാം.
എന്തുകൊണ്ട്?
എന്റെ ശത്രു എന്ന് ഞാന്‍ പറയുന്ന വ്യക്തി ഒരുപക്ഷേ, എന്നോട് ശത്രുതയില്‍ കഴിയുന്ന ആളായിരിക്കണമെന്നില്ല. എനിക്ക് അവന്‍ ശത്രുവാണെങ്കിലും അവനു ഞാന്‍ മിത്രമായിരിക്കാം. എങ്കില്‍ കുഴപ്പം എന്നിലാണു കിടക്കുന്നത്. അവിടെ ഞാനാണ് ശത്രുത മാറ്റേണ്ടത്. ഇനി എന്നോട് ശത്രുത വച്ചുപുലര്‍ത്തി നടക്കുന്ന ആളാണെങ്കിലും എനിക്ക് അവനോട് മൈത്രിയാണുള്ളതെങ്കില്‍ അയാള്‍ 'എന്റെ ശത്രു' എന്ന ഗണത്തില്‍ പെടില്ല. അയാള്‍ക്ക് ഞാന്‍ ശത്രുവാണെങ്കിലും ഞാനയാളോട് മൈത്രിയില്‍നില്‍ക്കുന്നതുകൊണ്ട് 'എന്റെ മിത്രം' എന്ന ഗണത്തിലാണതു പെടുക.
കാര്യം ഇതാണെങ്കില്‍, 'അയാള്‍ എന്റെ ശത്രുവാണ്' എന്ന് പറയുമ്പോള്‍ അയാള്‍ എന്നോട് ശത്രുത പുലര്‍ത്തിയാലും മൈത്രി കാണിച്ചാലും ഞാനയാളോട് ശത്രുത വച്ചുപുലര്‍ത്തുന്നു എന്നര്‍ഥം വരും. 'അയാള്‍ എന്റെ മിത്രമാണ്' എന്നു പറയുമ്പോള്‍ അയാള്‍ എന്നോട് ശത്രുത പുലര്‍ത്തിയാലും ഇല്ലെങ്കിലും ഞാനയാളോട് മൈത്രിയിലാണു നില്‍ക്കുന്നതെന്നും അര്‍ഥം വരും. അപ്പോള്‍ ശത്രു മിത്രമാകുന്നത് അയാള്‍ ശത്രുത ഒഴിവാക്കി മിത്രമാകാന്‍ തയ്യാറാകുമ്പോഴല്ല, ഞാന്‍ ശത്രുത വെടിഞ്ഞ് മിത്രമാകാന്‍ സന്നദ്ധനാകുമ്പോഴാണ്. ഈ അര്‍ഥം പരിഗണനയ്‌ക്കെടുക്കുമ്പോള്‍ 'എനിക്ക് അയാള്‍ പറ്റില്ല', 'അയാളുമായി ഞാന്‍ യോജിക്കില്ല.' 'അയാള്‍ എന്റെ എതിരാളിയാണ്' തുടങ്ങിയ പ്രയോഗങ്ങള്‍ തന്റെ ദൗര്‍ബല്യത്തെയും ന്യൂനതയെയുമാണ് പ്രഖ്യാപനം ചെയ്യുന്നത് എന്നും വരും.
മാറേണ്ടത് ഞാനല്ല, ശത്രുവാണ് എന്ന ചിന്തയാണ് ആദ്യം മാറേണ്ടത്. ശത്രുവിനല്ല, എനിക്കാണു കുഴപ്പം. ഞാന്‍ മാറിയാല്‍ എല്ലാം മാറും. എനിക്ക് പിന്നെ ശത്രു ഉണ്ടാകില്ല.
മൂസാ പ്രവാചകന് ഫറോവ ചക്രവര്‍ത്തി ശത്രുവായിരുന്നില്ല. മറിച്ച്, ഫറോവയ്ക്ക് മൂസാ പ്രവാചകന്‍ ശത്രുവായിരുന്നു. ഫറോവ മൂസാ നബി(അ)യുടെ ശത്രുവായിരുന്നുവെങ്കില്‍ ഫറോവയ്ക്കു നേര്‍വഴി കാണിച്ചുകൊടുക്കാന്‍ അദ്ദേഹം എന്തിനു തയ്യാറായി..? ശത്രുവിനെ രക്ഷിക്കാന്‍ ആരെങ്കിലും സന്നദ്ധത കാണിക്കുമോ..?
അബൂജഹ്‌ലിന് തിരുനബി(സ്വ) ശത്രുവായിരുന്നുവെങ്കിലും തിരുനബിക്ക് അബൂജഹ്ല്‍ ശത്രുവായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ അബൂജഹ്‌ലിനെ തിന്മയില്‍നിന്ന് മോചിപ്പിക്കാന്‍ നബി(സ്വ) തയ്യാറാകുമായിരുന്നോ? തനിക്കെതിരെ ചീത്തവിളിച്ചവരും കല്ലെറിഞ്ഞവരും സമൂഹത്തില്‍ യഥേഷ്ടമുണ്ടായിരുന്നിട്ടും അവരെ നശിപ്പിക്കാന്‍ ചെറിയൊരു പ്രാര്‍ഥന പോലും അവിടുന്ന് നടത്തിയില്ല. മറിച്ച്, അറിവില്ലായ്മ മൂലം ചെയ്തുപോയ അവരുടെ തിന്മയ്ക്ക് മാപ്പു കൊടുക്കാന്‍ അല്ലാഹുവോടര്‍ഥിക്കുകയാണു ചെയ്തത്.
തന്നെപ്പറ്റി ആക്ഷേപമുന്നയിച്ചവനോട് മഹാനായ ഒരു പണ്ഡിതന്‍ പറഞ്ഞു: ''നീ പറയുന്നത് സത്യമാണെങ്കില്‍ എനിക്ക് അല്ലാഹു പൊറുത്തു തരട്ടെ. ഇനി നീ പറയുന്നത് കളവാണെങ്കില്‍ നിനക്ക് അല്ലാഹു പൊറുത്തു തരട്ടെ.''
എത്ര പക്വവും പാകവുമായ സമീപനം!
നേരെ നില്‍ക്കുന്നവര്‍ക്കും നേരില്‍ നില്‍ക്കുന്നവര്‍ക്കും ശത്രുക്കളനേകം കാണും. പക്ഷേ, അവര്‍ക്ക് ആരോടും ശത്രുത ഉണ്ടായിരിക്കില്ല; അവര്‍ക്ക് എല്ലാവരും മിത്രങ്ങളായിരിക്കും. ഈ മനോഭാവം തന്നെയാണ് അവര്‍ നേരിന്റെ വക്താക്കളാണെന്നതിനുള്ള പ്രധാന തെളിവ്.
തനിക്കു പറ്റാത്തവരെല്ലാം തന്റെ ശത്രുക്കളാണെന്നു വിശ്വസിക്കുന്നവര്‍ നേരറിയാത്തവരും നേരിലല്ലാത്തവരും നേരിനില്ലാത്തവരുമാണ്. വളഞ്ഞ മാര്‍ഗത്തിന്റെ വക്താക്കള്‍. ഒരടിക്ക് അവര്‍ തിരിച്ചുകൊടുക്കുക പത്തടിയായിരിക്കും. പത്തടിക്ക് നൂറടിയും. അങ്ങനെയാണവരുടെ കണക്ക്. അതേസമയം, നേരിന്റെയാളുകള്‍ പത്തടിക്കല്ല, ആയിരമടിക്കുപോലും ഒരടികൊണ്ടും പ്രതികാരം ചെയ്യില്ല.
പരസ്പരം വഴക്കിടുകയായിരുന്നു രണ്ടാളുകള്‍. ഒരാള്‍ അപരനോടു പറഞ്ഞു:
''നീയെന്നെ ഒരു വട്ടം ആക്ഷേപിച്ചാല്‍ ഞാന്‍ നിന്നെ പത്തുവട്ടം ആക്ഷേപിക്കും.''
ഇതു കേള്‍ക്കാനിടയായ മൗലാന ജലാലുദ്ദീന്‍ റൂമി(റ) അവരോട് പറഞ്ഞു: ''വിളിക്കാനുള്ളതെല്ലാം എന്നെ വിളിച്ചോളൂ. നിങ്ങളെന്നെ ആയിരം തവണ ആക്ഷേപിച്ചാലും ഒരിക്കല്‍ പോലും ഞാന്‍ നിങ്ങളെ ആക്ഷേപിക്കില്ല.''
ഇതുകേട്ടപ്പോള്‍ ഇരുവരും പശ്ചാത്തപിച്ചു മടങ്ങി. വിദ്വേഷം മറന്ന് അവര്‍ പരസ്പരം സുഹൃത്തുക്കളായി മാറി.
സത്യവും യാഥാര്‍ഥ്യവുമറിയുമ്പോള്‍ ഇതാണു സംഭവിക്കുക.
അല്ലെങ്കിലും സത്യത്തിന് ആരോടും ശത്രുതയില്ലല്ലോ. വൈരാഗ്യവും വിദ്വേഷവും മനസിലേറ്റി നടക്കുന്നത് അസത്യമാണ്. സത്യത്തിലെത്തിയാല്‍ ശത്രുക്കളെല്ലാം മിത്രങ്ങളായി മാറും. നിസാരകാര്യത്തിന്റെ പേരില്‍ പോലും ദിവസങ്ങളോളം ചോരചിന്തിയവര്‍ സത്യസരണിയിലണി ചേര്‍ന്നപ്പോള്‍ ലോകം കണ്ട സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉത്തമോദാഹരണങ്ങളായി മാറിയതിന്റെ നേര്‍ചിത്രമാണ് പ്രവാചകാനുചരന്മാരില്‍ ചരിത്രം അമ്പരപ്പോടെ ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."