കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും
കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 23ന് നടത്തിയ കൊവിഡ് പരിശോധനയില്‍ 200ഓളം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക.
പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമേ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആഴ്ചയിലൊരിക്കല്‍ പാളയം മാര്‍ക്കറ്റില്‍ കൊവിഡ് പരിശോധന നടത്താനും നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."