88 കുടുംബങ്ങളുടെ പുനരധിവാസം പ്രതിസന്ധിയില്‍
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലിലും, മലവെള്ളപ്പാച്ചിലിലും സ്ഥലവും കിടപ്പാടവും നഷ്ടപ്പെട്ട 88 കുടുംബങ്ങളുടെ പുനരധിവാസം ഇപ്പോഴും പ്രതിസന്ധിയില്‍. ഒരാഴ്ച്ചക്കുള്ളില്‍ 16 ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വാളംതോട് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും പീന്നീട് വീടുകളിലേക്ക് മടങ്ങി വരികയും ചെയ്ത കണ്ടിലപാറ കോളനിയിലെ 25 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള 26 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സ്ഥലവും, വീടും കണ്ടെത്തേണ്ടി വരും.
കൂടാതെ മതില്‍മൂല കോളനിയിലെ 54 കുടുംബങ്ങള്‍ക്കും, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുംബത്തിലെ ആറു പേര്‍ മരണപ്പെട്ട ചെട്ടിയംപാറ കോളനിയിലെ കുടുംബങ്ങളുമുള്‍പ്പെടെ 88 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. കാഞ്ഞിരപുഴ ഗതിമാറി ഒഴുകിയാണ് മതില്‍മൂല കോളനി ഒന്നാകെ നാമാവശേഷമാക്കിയത്. തങ്ങള്‍ ഇനി ഇവിടേക്കില്ലെന്ന് കോളനിവാസികള്‍ പറയുന്നു. നിരവധി കുടുംബങ്ങള്‍ക്ക് പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടു. കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പണം അനുവദിച്ചാല്‍ സ്ഥലം ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍ പറഞ്ഞു. കണ്ടില പാറ കോളനിയിലെ 26 വീടുകളും സന്ദര്‍ശിച്ച് പ്രസിഡന്റും സെക്രട്ടറിയും കണക്കെടുപ്പ് നടത്തി. പുനരധിവാസം സംബന്ധിച്ച് ഇന്ന് പഞ്ചായത്തില്‍ അടിയന്തിര യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."