നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: തെളിവെടുപ്പ് നടത്തി
മലപ്പുറം: കൂട്ടിലങ്ങാടി ചെലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്തുകൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ മാതൃ സഹോദരന്‍ വിളഞ്ഞിപ്പുലാന്‍ ശിഹാബി(26)നെയാണ് മലപ്പുറം എസ്.ഐ എ. പ്രേംജിതിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലിസ് ഇവരുടെ വീടിന്റെ ടെറസിന് മുകളില്‍നിന്ന് കണ്ടെടുത്തു. കൃത്യം നടക്കുന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. കുട്ടിയുടെ രക്തംപുരണ്ട കിടക്ക, വിരിപ്പ് എന്നിവയും കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചതായി മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. പ്രസവാനന്തര ചികിത്സയിലായ യുവതി പൊലിസ് നിരീക്ഷണത്തിലാണ്. ഇവരെയും അടുത്ത ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. സംഭവത്തില്‍ കൂട്ട് പ്രതികളുണ്ടോയെന്നു അന്വേഷിക്കും.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: രണ്ട് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്ന യുവതി സ്വന്തം വീട്ടിലാണ് താമസം. അവിഹിതമായി ഗര്‍ഭമുണ്ടായെങ്കിലും സംഭവം പുറത്തറിയിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചക്കു വീട്ടില്‍വച്ചാണ് യുവതി പ്രസവിച്ചത്. മാനഹാനി ഭയന്ന് വൈകിട്ട് നാലോടെ വീട്ടിനുള്ളില്‍വച്ച് കുഞ്ഞിന്റെ മാതാവിന്റെ സമ്മതത്തോടെ സഹോദരന്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിന്റെ തലയും ശരീര ഭാഗങ്ങളും വേര്‍പ്പെടുത്തി തലയിണയുടെ കവറിനുളിലാക്കിയ ശേഷം ചാക്കിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചു. രാത്രിയോടെ പുറത്ത് കുഴിച്ചുമൂടാനായിരുന്നു ഉദ്ദേശം. എന്നാല്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പരിസരവാസികള്‍ വിവരമറിയിച്ചതനുസരിച്ചു പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ചാക്കില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. സഹോദരന്‍ കുറ്റം സമ്മതിച്ചതായി സി ഐ. പ്രേംജിത്ത് വ്യക്തമാക്കി. സംഭവത്തില്‍ കുട്ടിയുടെ ഡി.എന്‍.എ തെളിയിക്കാനായി പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."