മലമ്പുഴയിലേക്ക് മദ്യമൊഴുകുന്നു
പാലക്കാട്: മലമ്പുഴ ഉദ്യാനസന്ദര്‍ശകരെ കേന്ദ്രമാക്കി മദ്യവില്‍പന കൂടുതലാകുന്നു. കാര്‍ പാര്‍ക്കിനടുത്തുള്ള പൊന്തക്കാടുകളില്‍ മദ്യം ഒളിപ്പിച്ചുവച്ചാണ് വില്‍പന നടത്തുന്നത്. സന്ദര്‍ശകരെ അനുനയത്തില്‍ സംസാരിച്ചാണ് മദ്യം നല്‍കുന്നത്.
സാധനം കഴിഞ്ഞാല്‍ മന്തക്കാടുനിന്നും ബൈക്കില്‍ കൊണ്ടുവന്നാണ് ആളുകള്‍ക്ക് കൊടുക്കുന്നത്. ആളുകള്‍ ആവശ്യപ്പെടുന്ന മദ്യം ബൈക്കില്‍ കൊണ്ടുവന്നും കൊടുക്കാറുണ്ട്. പ്രധാനമായും അന്യസംസ്ഥാനക്കാരാണ് മദ്യം വാങ്ങുന്നത്. മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിയതിനാല്‍ മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നത്.
ഒരു സംഘം ആളുകള്‍തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യപിക്കുന്ന ആളുകളെ തിരഞ്ഞുപിടിച്ചാണ് സംഘം വില്‍പന നടത്തുന്നത്. ആളുകളോട് സംസാരിച്ച് മദ്യപിക്കുന്നവരാണോ എന്ന് ആദ്യം മനസ്സിലാക്കും. എന്നിട്ട് ആളുകളുടെ ആവശ്യമനുസരിച്ചുള്ള മദ്യം സംഘം ലഭ്യമാക്കും. എല്ലാതരം മദ്യവും ഈ സംഘം എത്തിച്ചുകൊടുക്കും. സാധനം പറഞ്ഞാല്‍ ആവശ്യക്കാരുടെ സ്ഥലത്തെത്തിച്ചു കൊടുക്കാനും ആളുകളുണ്ട്.
സാധാരണ വിലയേക്കാള്‍ ഇരട്ടിക്കാണ് വില്‍ക്കുന്നത്. അധികൃതരുടെ കണ്‍മുന്നിലാണ് ഈ മദ്യവില്‍പന. ഉദ്യാനത്തിനകത്തും പരിസരങ്ങളിലും പൊലിസ് സാന്നിധ്യമുണ്ട്. ഉദ്യാനത്തില്‍നിന്ന് രണ്ടരകിലോമീറ്റര്‍ അകലെയായി മാതൃകാ പൊലിസ് സ്റ്റേഷന്റെ സേവനവും ലഭ്യമാണ്. അധികൃതര്‍ കണ്ണടച്ചുകൊടുക്കുന്നതിനാലാണ് ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ നിരന്തരമാകുന്നത്.
നിരവധി ആളുകള്‍ ദിവസവും ഉദ്യാനം സന്ദര്‍ശിക്കുന്നുണ്ട്. വേനലവധി ആയതിനാല്‍ ഉദ്യാന സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. സന്ദര്‍ശകരുടെ എണ്ണം ഇനിയും കൂടുതലാവാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ അനാസ്ഥകാരണം മലമ്പുഴ ഉദ്യാന പരിസരം മദ്യമാഫിയകള്‍ കൈയ്യടക്കാനുള്ള വഴിയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."