ഏറി മറിഞ്ഞാല്‍ ഞാലി
ഫൂലന്‍ദേവിയുടെ ആത്മകഥ വായിച്ചിട്ടുണ്ടോ? ഉത്തര്‍പ്രദേശിലെ ഗോരക പൂര്‍വ എന്ന കുഗ്രാമത്തിലെ അതിദരിദ്രമായ കുടുംബത്തില്‍ ജനിച്ച ദലിത് ബാലിക എങ്ങനെയാണ് ആളുകളെ കൂട്ടത്തോടെ കൊന്നുവീഴ്ത്താന്‍ മടിയില്ലാത്ത ചമ്പല്‍ക്കൊള്ളക്കാരിയായതെന്ന് ആ ആത്മകഥ ബോധ്യപ്പെടുത്തും. അതു മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഗുജറാത്തിലും യു.പിയിലും ഛത്തീസ്ഗഡിലുമൊക്കെ നടക്കുന്ന ദലിത് പീഡനങ്ങള്‍ അനധിവിദൂരമല്ലാത്ത ഭാവിയില്‍ ഏതൊക്കെ തരത്തില്‍ തിരിച്ചടിക്കുമെന്നും മനസിലാകും.
കാമാസക്തരായ ഒരുസംഘം രജപുത്രന്‍മാര്‍ കൗമാരം പിന്നിടാത്ത പെണ്‍കുട്ടിയെ കടിച്ചുകീറിയതിന്റെ പ്രതികാരമാണ് ഫൂലന്‍ദേവിയെന്ന ചമ്പല്‍ക്കൊള്ളക്കാരിയെ സൃഷ്ടിച്ചത്. തന്റെ പച്ചമാംസം കൊത്തിവലിച്ച കഴുകന്‍മാരുടെ ദേശമായ ബഹ്്മായിയില്‍ എത്തി ഫൂലന്‍ കൊന്നുതള്ളിയത് 22 രജപുത്രന്‍മാരെയാണ്. ഫൂലന്റേത് ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പകവീട്ടല്‍ മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി തങ്ങളെ അതിക്രൂരമായി വേട്ടയാടിക്കൊണ്ടിരുന്ന ഉത്തരേന്ത്യന്‍ സവര്‍ണജാതിഭ്രാന്തന്‍മാര്‍ക്കെതിരായ ദലിതരുടെ പൊട്ടിത്തെറികളിലൊന്നായിരുന്നു അത്.
ഫൂലന്‍ദേവിയെപ്പോലെ കൊള്ളയുടെയും അരുംകൊലകളുടെയും മാര്‍ഗം സ്വീകരിച്ചില്ലെങ്കിലും കഴിഞ്ഞദിവസങ്ങളിലായി ഗുജറാത്തിലെ ദലിതര്‍ നടത്തിക്കൊണ്ടിരിക്കുന്നതും ഗതികെട്ടവന്റെ തിരിച്ചടിയാണ്. ദലിതന്റെ പുരോഗതിക്കായി കോടിക്കണക്കിനു രൂപ ഒഴുക്കുന്നുവെന്നു പറയപ്പെടുന്ന ഈ രാജ്യത്ത് സ്വാതന്ത്ര്യംകിട്ടി ഏഴുപതിറ്റാണ്ടു തികയാന്‍പോകുന്ന ഇക്കാലത്തും അതിദയനീയമാണ് ഈ വിഭാഗത്തിന്റെ സ്ഥിതി; പ്രത്യേകിച്ചു പ്രധാനമന്ത്രിയുടെ സ്വന്തംനാടായ ഗുജറാത്ത് ഉള്‍പ്പെടുന്ന ഉത്തരേന്ത്യയില്‍.
തങ്ങള്‍ സവര്‍ണരാഷ്ട്രീയത്തിന്റെ ആളുകളല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി പരമാവധി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവെന്നതു സത്യമാണ്. പ്രധാനമന്ത്രിസ്ഥാനത്തു ചായവില്‍പ്പനക്കാരനായിരുന്ന പിന്നോക്കവിഭാഗക്കാരനെ കൊണ്ടുവന്ന് രാജ്യ ഭരണം പിടിച്ചു. അതിനു പരമാവധി പിന്തുണനല്‍കിയത് 80 സീറ്റുള്ള ഉത്തര്‍പ്രദേശായിരുന്നു. അന്ന് ബി.എസ്.പി തെരഞ്ഞെടുപ്പുരംഗത്തു നിന്നു പിന്‍മാറുകയും മായാവതിക്കു കിട്ടുമായിരുന്ന ദലിത് വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്തതാണ് 80 ല്‍ 72 സീറ്റും കിട്ടാന്‍ കാരണം. മോദി അധികാരത്തിലേറിയത് ദലിതന്റെ കാരുണ്യത്തിലാണെന്നര്‍ഥം.
യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പു മാജിക് ആവര്‍ത്തിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു മോദിയും വത്സലശിഷ്യനായ അമിത്ഷായും. ഈയടുത്തു നടന്ന മന്ത്രിസഭാ വിപുലീകരണത്തില്‍ ഏഴു ദലിതര്‍ക്കാണു മോദി മന്ത്രിസ്ഥാനം നല്‍കിയത്. യു.പിയിലെ ദലിത് സന്യാസിമാര്‍ക്കൊപ്പം അമിത്ഷാ ഉജ്ജയിനിയിലെ ക്ഷിപ്രാ നദിയില്‍ മുങ്ങിക്കുളിക്കുകയും ദലിതരുടെ കുടിലുകളില്‍നിന്നു മിശ്രഭോജനം നടത്തുകയും ചെയ്തു.
പക്ഷേ, മോദിയും ഷായും ഇത്തരം പ്രകടനങ്ങള്‍ നടത്തിയതുകൊണ്ടു ശമിക്കുന്നതല്ലല്ലോ ഉത്തരേന്ത്യയിലെ സവര്‍ണന്റെ ജാതിഭ്രാന്ത്. ദലിതനെ ചവിട്ടിത്തേയ്ക്കാനും അടിമപ്പണിചെയ്യിക്കാനും കൊല്ലാനും തങ്ങള്‍ക്കു ദൈവദത്തമായ അധികാരമുണ്ടെന്നു വിശ്വസിക്കുന്നവരാണ് അക്കൂട്ടര്‍. സാക്ഷി മഹാരാജിനെയും സാക്ഷി നിരഞ്ജന്‍ ജ്യോതിയെയുംപോലുള്ളവര്‍ തുപ്പുന്ന വര്‍ഗീയവിഷം ഇത്തരം ജാതിഭ്രാന്തന്‍മാര്‍ക്കു കൊടുംപാതകങ്ങള്‍ ചെയ്തുകൂട്ടാനുള്ള ഊര്‍ജം വേണ്ടുവോളം നല്‍കുകയും ചെയ്തു. അങ്ങനെ, തരംകിട്ടുമ്പോഴൊക്കെ അവര്‍ ദലിത്പീഡനം തുടര്‍ന്നുകൊണ്ടിരുന്നു.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ദിവസങ്ങള്‍ക്കുമുന്‍പു പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും നാടായ ഗുജറാത്തില്‍ സംഭവിച്ചത്. ചത്തപശുവിന്റെ തോലുരിഞ്ഞു വിറ്റുകിട്ടുന്ന കാശുകൊണ്ടു വീട്ടിലെ പട്ടിണിമാറ്റാമെന്നു കൊതിച്ചുപോയ രണ്ടു ദലിത്‌യുവാക്കളെ വാഹനത്തിനു പിറകില്‍ അനങ്ങാന്‍ വയ്യാത്തവിധം കെട്ടിയിട്ട് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. എങ്ങനെയോചത്ത ഗോമാതാവിനോടുള്ള ആരാധനയാണു ജീവിക്കാന്‍വഴിയില്ലാത്ത മനുഷ്യരോടുള്ള ക്രൂരതയായി മാറുന്നത്. ഇതില്‍പ്രതിഷേധിച്ചാണു ഗുജറാത്തിലെ ദലിതര്‍ തെരുവില്‍ കലാപകാരികളായി എത്തിയിരിക്കുന്നത്. ഗതികെട്ടവന്റെ കലാപമാണത്. കടമ്മനിട്ടയുടെ കുറത്തി പാടിയപോലെ ഗതികേടിന്റെ അങ്ങേത്തലയ്ക്കലെത്തുമ്പോള്‍ 'എല്ലുപൊക്കിയ ഗോപുരങ്ങള്‍ കണക്കെ' അവര്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. അപ്പോള്‍, തിരിച്ചടി കിട്ടുന്നതു ജാത്യാഭിമാനികള്‍ക്കുതന്നെയായിരിക്കും.
ഇത്തരം എഴുത്തുകള്‍ വായിച്ച്, 'ദലിത് പീഡനമോ? ഇന്ത്യയിലോ?'എന്നു വിസ്മയം അഭിനയിക്കുന്നവരുണ്ടാകാം. അവര്‍ക്കു മുന്നില്‍ ഒരു കണക്കുനിരത്താം. ഈ കണക്ക്, കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രി ടി.സി ഗലോട്ടിനെ മുന്നിലിരുത്തി കേന്ദ്രപട്ടികജാതി കമ്മിഷന്‍ അവതരിപ്പിച്ചതാണ്. 2014 കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുജറാത്തിലെ ദലിത് പീഡനം 2015 ല്‍ അഞ്ചിരട്ടിയായും ഛത്തീസ്ഗഡില്‍ മൂന്നിരട്ടിയായും വര്‍ധിച്ചുവെന്നാണു കണക്ക്. 2014 ല്‍ 1130 ദലിത്പീഡനക്കേസുകളാണ് ഗുജറാത്തിലുണ്ടായതെങ്കില്‍ 2015 ല്‍ അത് 6658 ആയി. ഛത്തീസ്ഗഡില്‍ 1160 ല്‍നിന്നു മൂവായിരമായി.
പശുവിറച്ചി സൂക്ഷിച്ചുവെന്ന പേരില്‍ ആളെക്കൊന്നു ഗോമാതാവിന്റെ സംരക്ഷകരായി ഹിന്ദുവോട്ടു നേടാന്‍ ശ്രമിച്ചവര്‍ക്കു പശുത്തോല്‍ തിരിച്ചടിയായിരിക്കുകയാണ്. നൂറ്റാണ്ടുകളായി ദലിതരോടുണ്ടായിരുന്ന ജാതിഭ്രാന്തന്‍മാരുടെ കുടിപ്പക ഇടക്കാലത്തു ന്യൂനപക്ഷവിരുദ്ധമാക്കി വഴിതിരിച്ചുവിടുന്നതില്‍ വിജയിച്ചിരുന്നെങ്കിലും മാറ്റിവച്ച ശത്രുത പൂര്‍വകാലത്തേക്കാള്‍ ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. ഗോസംരക്ഷണസമിതിക്കാര്‍ തെരുവുഗുണ്ടകളാണെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറിവരെ വിമര്‍ശിച്ചിരിക്കുന്നു.
ഈ കുറിപ്പിന്റെ തലവാചകം ഒരു പഴഞ്ചൊല്ലാണ്. തടിമറന്ന് അഭ്യാസം കാണിക്കാന്‍ ശ്രമിച്ചാല്‍ ചട്ടുകാലനായിപ്പോകുമെന്നാണ് അര്‍ഥം. അധികമാകുന്നതെന്തും വിഷമാകും. അത് അവനവനെത്തന്നെ നശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."