യു.പി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പടപ്പുറപ്പാട് തുടങ്ങി
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടു. മൂന്നുദിവസത്തെ ബസ് യാത്രയോടെയാണ് പ്രചാരണ മാമാങ്കത്തിന് തുടക്കമായത്. '27 സാല്‍, യു.പി ബെഹാത് ' (27 വര്‍ഷം, ദുരിതത്തില്‍ യു.പി) എന്നതാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്ന് പ്രചാരണം ഫ്‌ളാഗ് ഓഫ് ചെയ്തു.
പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി 78 കാരിയായ ഷീലാ ദീക്ഷിത് നയിക്കുന്ന ബസ് യാത്രയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനാബി ആസാദും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും നടനുമായ രാജ് ബബ്ബാറും അനുഗമിക്കുന്നുണ്ട്. നേരത്തേ, സോണിയയുടെ മകള്‍ പ്രിയങ്കാഗാന്ധി പ്രചാരണത്തിനു നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ കോണ്‍ഗ്രസിന്റെ മുഖമായി കൊണ്ടുവരണമെന്നു സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലത്തെ പരിപാടികളില്‍ പ്രിയങ്ക പങ്കെടുത്തില്ല.
മൂന്നുദിവസം കൊണ്ട് യു.പി ചുറ്റുന്ന യാത്രയ്ക്കിടെ നേതാക്കള്‍ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തും. മൊത്തം 600 കിലോമീറ്ററാണ് ഇവര്‍ സഞ്ചരിക്കുക. ഈ മാസം 29ന് പാര്‍ട്ടി ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി ലഖ്‌നോവിലെത്തെി പ്രചാരണത്തില്‍ പങ്കുചേരും. രാഹുല്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഒരുലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ അടുത്തമാസം രണ്ടിന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോയും നടക്കും. ഓഗസ്റ്റിലുംസെപ്റ്റംബറിലുമായി 27 ബസ് യാത്രകള്‍ കൂടി പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."