ജപ്തി ഭീഷണി ഭയന്ന് തീ കൊളുത്തിയ മകള്‍ക്കു പിന്നാലെ അമ്മയും മരിച്ചു, ബാങ്കിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. തീകൊളുത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം മകളും മണിക്കൂറുകള്‍ക്കുശേഷം അമ്മയും മരിച്ചു.
ഡിഗ്രി വിദ്യാര്‍ഥിനി വൈഷ്ണവിയാണ്(19) ആദ്യം മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇവര്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അമ്മ ലേഖയും മരിച്ചു.
നെയ്യാറ്റിന്‍കര മാരായ മുട്ടത്താണ് സംഭവം. കാനറ ബാങ്കില്‍ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപയാണ് കുടുംബം വായ്പയെടുത്തതെന്നാണ് വിവരം. പലിശ ഉള്‍പ്പെടെ 7.80 ലക്ഷം രൂപ തിരിച്ചടക്കേണ്ടതായി ഉണ്ടായിരുന്നു. ഇന്ന് ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഗുരുതരമായി പൊള്ളലേറ്റ ലേഖയെ നാട്ടുകാര്‍ ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം വീട് വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായി കുടുംബം. വായ്പ തിരിച്ചടവിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
അതേ സമയം ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച ധനമന്ത്രി ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നാണ് കാനറാ ബാങ്ക് മാനേജ്‌മെന്റിന്റെ വിശദീകരണം.
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ 2010ല്‍ വായ്പ കിട്ടാക്കടമായതിനെ തുടര്‍ന്ന് ചന്ദ്രനെതിരെ തിരുവനന്തപുരം സിജിഎം കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് ശേഷം ബാങ്കിന്റെ ഭാഗത്തുനിനന്നും സമ്മര്‍ദം ഉണ്ടായിട്ടില്ലെന്ന് കാനറാ ബാങ്ക് വിശദീകരിച്ചു.
സംഭവത്തില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണ് കാനറാ ബാങ്ക് തിരച്ചടവിനായി കടുത്ത സമ്മര്‍ദം ചെലുത്തിയതെന്ന ആക്ഷേപവും ശക്തമായി. പ്രളയപശ്ചാത്തലത്തില്‍ എല്ലാ തരം വായ്പകളിലും തിരിച്ചടവിന് സാവകാശം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."