എല്‍.ടി.ടി.ഇ നിരോധനം അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി
ന്യൂഡല്‍ഹി: ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം(എല്‍.ടി.ടി.ഇ) നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി. എല്‍.ടി.ടി.ഇയുടെ പ്രത്യേക തമിഴ് രാജ്യമെന്ന ആവശ്യം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമുയര്‍ത്തുന്ന ഭീഷണി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധനം നീട്ടിയത്. എല്‍.ടി.ടി.ഇ തുടരുന്ന കടുത്ത ഇന്ത്യാവിരുദ്ധ നിലപാട് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഭീഷണിയാണെന്ന് ഇതു സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എല്‍.ടി.ടി.ഇയെ നിയമവിരുദ്ധസംഘടനായി പ്രഖ്യാപിച്ച് 2014ലാണ് ഇതിനു മുന്‍പ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിജ്ഞാപനം അഞ്ചുവര്‍ഷത്തേക്ക് കൂടി പുതുക്കി. എല്‍.ടി.ടി.ഇയെ പിന്തുണക്കുന്നവര്‍, അനുഭാവം പുലര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലുണ്ടെന്നും ഇത്തരക്കാരെ എല്‍.ടി.ടി.ഇ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ നടപടിയുണ്ടാകും. ഇന്റര്‍നെറ്റിലൂടെ എല്‍.ടി.ടി.ഇ തുടരുന്ന പ്രചാരണം രാജ്യത്തെ വി.വി.ഐ.പികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."