മാലിന്യ പ്രശ്‌നം: നഗര ശുചിത്വത്തിന് പ്രോജക്ട് തയാറാക്കുന്നു
കോട്ടയം: ജില്ലയില്‍ നഗരങ്ങളുടെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു. മറ്റ് ജില്ലകളില്‍ നടപ്പാക്കിയിട്ടുള്ള വിജയിച്ച പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കോട്ടയം നഗരസഭയിലാണ് ആദ്യം പ്രോജക്ട് നടപ്പാക്കുക.
ഇത് സംബന്ധിച്ച വിശാദാംശങ്ങള്‍ ജില്ലാ കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു.
പൊതുസ്ഥലത്തെ മാലിന്യം, വീടുകളിലെ മാലിന്യം, അറവുകാലകളിലെയും മാര്‍ക്കറ്റുകളിലെയും മാലിന്യം എന്നിങ്ങനെ മൂന്നായി തിരിച്ച് മാലിന്യ സംസ്‌കരണ പരിപാടി ആസൂത്രണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി സ്‌ക്രപ്പ് ഡീലര്‍മാരുടെ യോഗവും പൊതുചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോക്കള്‍ നിര്‍ബന്ധമാക്കുന്നതിന് മതേലധ്യക്ഷന്മാരുടെ യോഗവും വിളിച്ചു ചേര്‍ത്ത് സഹകരണം ഉറപ്പാക്കിയിരുന്നു. പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഒഴിവാക്കുന്നതിന് പകരമായി ഉപയോഗിക്കാവുന്ന തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്ന യൂനിറ്റുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതു സംബന്ധിച്ച ഡ്രാഫ്റ്റ് പ്ലാന്‍ തയ്യാറാക്കി ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് അന്തിമ പരിപാടിക്ക് രൂപം കൊടുക്കാനാണ് ഉദ്ദേശം. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കോട്ടയം നഗരസഭയിലെ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിക്കും തുടക്കം കുറിക്കാനാണ് ഉദ്ദേശം. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."