കേരളാ കോണ്‍ഗ്രസിനെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ല: യൂത്ത് ഫ്രണ്ട്(എം)
കോട്ടയം: കേരളാ കോണ്‍ഗ്രസിനെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ലെന്ന് യൂത്ത് ഫ്രണ്ട്(എം). തദ്ദേശസ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ പ്രസ്താവന ബാലിശമാണെന്ന് യൂത്ത് ഫ്രണ്ട്(എം) പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.
പിന്തുണ വേണ്ടാത്തവര്‍ സ്വയം പിരിഞ്ഞുപോവാനുള്ള മാതൃക കാണിക്കണമെന്ന് കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറാകുകയാണ് വേണ്ടത്. തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി നേരത്തെയുണ്ടായിരുന്ന ധാരണ തുടരണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസിന് മറിച്ചൊരു തീരുമാനമുണ്ടെങ്കില്‍ അവര്‍ സ്വയം വിട്ടുപോവുകയാണ് ചെയ്യേണ്ടത്.
കോട്ടയത്ത് പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് കരാര്‍ ലംഘിച്ച സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തില്‍ അത്തരമൊരു സമീപനം സ്വീകരിച്ചത്. ബാര്‍ കേസില്‍ കെ.എം മാണി അഴിമതി നടത്തിയിട്ടില്ലെന്ന് എല്‍.ഡി.എഫിനുപോലും ബോധ്യപ്പെട്ടത് കേരളാ കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസി (എം) ല്‍ ഇനിയൊരു പിളര്‍പ്പുണ്ടാവരുതെന്നാണ് ആഗ്രഹമാണ് യുവജന വിഭാഗത്തിനുള്ളത്. പുതിയൊരു കേരളാ കോണ്‍ഗ്രസ് ജനിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വേദനയുണ്ടാക്കും. പി.ജെ ജോസഫും കെ.എം മാണിയും ഒരുമിച്ച് ശക്തിയായി മുന്നോട്ടുപോവണമെന്നാണ് ആഗ്രഹം.
കേരളാ കോണ്‍ഗ്രസ് പിളര്‍ന്നുകാണാന്‍ താല്‍പര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടാവാം. എന്നാല്‍, പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ല. ചില തീരുമാനങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് പി.ജെ ജോസഫ് പറഞ്ഞത്. തിങ്കളാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തോടെ അതെല്ലാം പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും സജി മഞ്ഞ കടമ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."