പ്രാദേശിക കാലാവസ്ഥാ വ്യതിയാനം: പഠന പദ്ധതിയുമായി കില
കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രാദേശിക തലത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ ത്രിതല പദ്ധതിയുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില). കലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രാദേശിക തലത്തില്‍ അവബോധം സൃഷ്ടിച്ച് അതനുസരിച്ചുളള ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം അനുഭവപ്പെടുന്ന ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'ഹോട്ട് സ്‌പോട്ട്'' വിഭാഗത്തില്‍പെടുത്തിയാണ് ഈ ജില്ലകളില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കൃഷി,മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പ്രാദേശിക തലത്തില്‍ കാലാവസ്ഥാ വിലയിരുത്തലാണ് ആദ്യ തലം.
കാലാവസ്ഥാമാറ്റങ്ങളും തല്‍ഫലമായി സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രരംഭഘട്ടത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കും. ഒപ്പം കിലയുടെ നേതൃത്വത്തിലും വിദഗ്ധ സംഘം പഠനം നടത്തും. കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയിലെ അറ്റ്‌മോസ്‌ഫെറിക് സയന്‍സ് വിഭാഗത്തിന്റെ സഹായത്തോടെയാവും പഠനം നടത്തുക.
രണ്ടാം ഘട്ടത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇതിനായി കിലയുടെ വിദഗ്ധ റിപ്പോര്‍ട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറും. മൂന്നാംഘട്ടത്തില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഈ പ്രദേശങ്ങളില്‍ വന്നേക്കാവുന്ന മാറ്റങ്ങള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കും.
ഒരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് തയാറാക്കുക. നിലവില്‍ നാല് ജില്ലകളിലായി 270 പഞ്ചായത്തുകളാണ് ഈ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് കില ഡയറക്ടര്‍ ജോയ് ഇളമണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."