കോട്ടയത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
കോട്ടയം: കോട്ടയത്ത് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി വല്ല്യാട് മാങ്കിഴയില്‍ രാജപ്പന്‍(70)ആണ് മരിച്ചത്. നാലു പേര്‍ക്ക് ശ്വാസതടസം നേരിട്ടു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാജപ്പന്റെ മകന്‍ ജയരാജ് (32) ആണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ഉള്ളത്. മകന്‍ സരണ്‍ (18),അയല്‍വാസികളായ പുതിയാട്ടില്‍ സലി (48), ചിറയ്ക്കത്ത് രാജു(60) എന്നിവര്‍ക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്.
വല്ല്യാട് ഭാഗത്ത് ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. രാജപ്പന്റെയും സലിയുടെയും ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുന്ന വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ടാങ്കിലെ വെള്ളം വറ്റിക്കുന്നതിന് ടാങ്കിനുള്ളിലേക്ക് മോട്ടോര്‍ ഇറക്കിവച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് ദുരന്തം. ടാങ്കിന് ഭൂമിക്കടിയില്‍ ഏഴ് അടിയും മുകളില്‍ ഒന്‍പതടിയും താഴ്ചയുണ്ടായിരുന്നു. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാണ് എല്ലാവരും ടാങ്കിനുള്ളില്‍ കയറിയത്. മോട്ടോര്‍ പ്രവര്‍ത്തിച്ച് തുടങ്ങി അല്‍പ്പസമയത്തിനുള്ളില്‍ പുക നിറഞ്ഞ് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് എല്ലാവരെയും പുറത്തെടുത്തത്.
ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് രാജപ്പന്‍ മരിച്ചത്. വല്യാട് 34ാം എസ്.എന്‍.ഡി.പി ശാഖാ യോഗം മുന്‍ പ്രസിഡന്റായിരുന്നു രാജപ്പന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പരേതയായ സതിയമ്മയാണ് ഭാര്യ. മറ്റു മക്കള്‍: ധന്യാ സാബു (മുന്‍ കുമരകം പഞ്ചായത്ത് പ്രസിഡന്റ് ),ശ്രീവിദ്യ, ശ്രീദേവി. മരുമക്കള്‍: സാബു, ബാബു, സഞ്ജീവ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വല്യാട് എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."