ഡല്‍ഹി കലാപവും കര്‍ഷക സമരവും
സംഘ്പരിവാറിനെ സംബന്ധിച്ച് ഡല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ കലാപം അതിന്റെ യുക്തിസഹമായ പരിണതികളിലേക്കാണ് നീങ്ങുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലമായി അത് മൂര്‍ച്ച കൂട്ടി വെക്കുന്ന 'മുസ്‌ലിം' എന്ന 'അപര' നിര്‍മിതിയെ വീണ്ടും പുതുക്കിയെടുത്തിരിക്കുന്നു. ഒപ്പം ഇന്ത്യയില്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ മതേതര, ജനാധിപത്യ ചെറുത്തുനില്‍പ്പിനെ യു.എ.പി.എ പോലുള്ള ജനാധിപത്യ വിരുദ്ധ നിയമങ്ങളുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഒരവസരമായി ഇതിനെ മാറ്റിയെടുക്കുന്നു. അതുകൊണ്ടാണ് മുസ്‌ലിംകളെ വെടിവച്ചു കൊല്ലണമെന്നും പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാരെ പൊലിസ് ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ആക്രമിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ച കേന്ദ്രമന്ത്രി അനുരാഗ് ഥാക്കൂറും ബി.ജെ.പിയുടെ ഡല്‍ഹി നേതാവ് കപില്‍ മിശ്രയും അടക്കമുള്ള സംഘ്പരിവാറുകാര്‍ സ്വതന്ത്രരായി വിലസുമ്പോള്‍ കലാപാഹ്വാനം നടത്തിയെന്ന് സീതാറാം യെച്ചൂരിക്കും യോഗേന്ദ്ര യാദവിനും ബൃന്ദാ കാരാട്ടിനുമൊക്കെ എതിരേ ഡല്‍ഹി പൊലിസിന്റെ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടാകുന്നത്. അതുകൊണ്ടാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവരെ യു.എ.പി.എ ചുമത്തി തടവിലിടുമ്പോള്‍ അതൊരു രാഷ്ട്രീയ അജന്‍ഡയുടെ തുടര്‍ച്ചയാകുന്നത്.
ഡല്‍ഹി കലാപത്തില്‍ മാത്രമായി ചുരുക്കേണ്ടതല്ല സംഘ്പരിവാറിന്റെ ഈ രാഷ്ട്രീയ അജന്‍ഡ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇത്തരത്തിലുള്ള മുസ്‌ലിം വിരോധത്തിന്റെയും അതിദേശീയതയുടേയും ഹിന്ദുത്വ പ്രത്യയശാസ്ത്രം ഭരണകൂടം നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന ഒന്നായി മാറി എന്ന് കാണാം. അത് കേവലം തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവയ്ക്കുന്ന ഒന്നല്ല എന്ന് സംഘ്പരിവാറിന്റെ ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും. ഹിന്ദുത്വ രാഷ്ട്രീയം അതിസൂക്ഷ്മമായ ഒരു സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമായ ഹിന്ദുത്വ സാമൂഹ്യ ബോധത്തെയാണ്. ആ ബോധത്തിനെ സൃഷ്ടിച്ചുകഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയാധികാരം അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായി മാറും.
ഇത്തരത്തിലൊരു രാഷ്ട്രീയമുള്ള സാമൂഹ്യശരീരത്തെ പാകപ്പെടുത്തിക്കഴിഞ്ഞാല്‍ ആ ശരീരം പിന്നീട് ചെയ്യുന്നതെല്ലാം അതിന്റെ ബോധത്തിന്റെ തുടര്‍ച്ചയാകും എന്നത് ഏറ്റവും കൃത്യമായി അറിയുന്നതും സംഘ്പരിവാറിനാണ്. അതുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാമന്‍ സാമാന്യജീവിതത്തില്‍ ഒരു സാധാരണ ദൈവം മാത്രമായി ജീവിച്ചുപോന്ന രാമനില്‍ നിന്നും ആക്രമണോത്സുകനായ രാമനായി മാറിയത്. ഇത്തരത്തിലൊരു സ്വാഭാവികതയിലേക്കാണ് മോദി സര്‍ക്കാര്‍ ഡല്‍ഹി കലാപത്തിന്റെ അന്വേഷണങ്ങളെയും കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത്. അല്ലാത്തപക്ഷം സാമാന്യയുക്തിയുടെയും നിയമവാഴ്ചയുടെയും ചെറിയ വെളിച്ചമുള്ള ഏതു രാജ്യത്തും ആസൂത്രിതമായി ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയ ഈ കലാപത്തില്‍ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തകരും പൗരത്വ നിയമഭേദഗതി വിരുദ്ധ സമരക്കാരും മാത്രം പിടിയിലാകുമ്പോള്‍ അത് വലിയ ചലനങ്ങള്‍ ഉണ്ടാക്കേണ്ടതാണ്. എന്നാല്‍ അത്തരത്തിലുള്ള സംവാദങ്ങള്‍ പോലും അസാധാരണമായ വിധത്തിലേക്ക് പൊതുമണ്ഡലം ചുരുങ്ങുന്നു എന്നതാണ് സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്ത പുതിയ സ്വാഭാവികത.
അതിദേശീയതയുടെ വ്യാജ ദേശാഭിമാനം പൊലിപ്പിച്ചു നിര്‍ത്തണമെങ്കില്‍ അതിനു നിരന്തരമായി ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കണം. രണ്ട് പ്രതീകങ്ങളെയാണ് സംഘ്പരിവാര്‍ ഇതിനുപയോഗിക്കുന്നത്. വൈദേശിക ശത്രു എന്ന ഗണത്തിലേക്ക് പാകിസ്താനും, പാകിസ്താന്റെ മതദേശീയതയുമായി കൂട്ടിക്കെട്ടി ആഭ്യന്തര ശത്രുക്കളായി ഇന്ത്യയിലെ മുസ്‌ലിംകളും. ഇത് നിരന്തരമായി പുതിക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഈ ആഖ്യാനത്തിനു ബലം കൂട്ടാന്‍ അതിര്‍ത്തിയിലെ മിന്നലാക്രമണങ്ങളും ഭീകരവാദത്തിന്റെ പേരില്‍ ഇന്ത്യയിലെ മുസ്‌ലിംകളെ മുഴുവന്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും എല്ലാം പതിവുമട്ടില്‍ നടക്കുകയും ചെയ്യുന്നു.
പക്ഷേ, ഇത് മാത്രം പോര ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന് സമ്പൂര്‍ണമായ ഫാസിസ്റ്റ് ഭരണകൂട ഭീകരതയായി മാറാന്‍ എന്ന് അവര്‍ക്കറിയാം. അതിന് ഇന്ത്യ എന്ന ആശയത്തെയും അതിന്റെ ബഹുസ്വരമായ ദേശരാഷ്ട്ര നിര്‍മാണ ചരിത്രധാരയേയും ആ ധാരയെ നിലനിര്‍ത്തുന്ന മതേതര, ജനാധിപത്യ രാഷ്ട്രീയബോധത്തെയും ഇല്ലാതാക്കേണ്ടതുണ്ട്. അതിനുള്ള നീക്കമാണ് ഡല്‍ഹി കലാപത്തില്‍ നാം കാണുന്നത്. അതുകൊണ്ടാണ് മുസ്‌ലിം വിരുദ്ധതയ്‌ക്കൊപ്പം ജനാധിപത്യ രാഷ്ട്രീയത്തിനെതിരായ ഭരണകൂട വേട്ടയും മോദി സര്‍ക്കാര്‍ കൂട്ടിക്കെട്ടിയത്.
ഡല്‍ഹി കലാപം നമുക്ക് മുന്നില്‍ വെളിപ്പെടുത്തിയ ആശങ്കപ്പെടുത്തുന്ന കാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ അവസരവാദപരമായ നിശബ്ദതയും ഒഴിഞ്ഞുമാറലുമാണ്. ഫെബ്രുവരി 26നു ഡല്‍ഹി ഹൈക്കോടതി അര്‍ധരാത്രി അടിയന്തരമായി ചേര്‍ന്നുകൊണ്ട് കലാപത്തിന്റെ ഇരകള്‍ക്ക് ആശുപത്രികളിലേക്ക് എത്താനും രക്ഷപ്പെടാനുമുള്ള സുരക്ഷിത വഴിയൊരുക്കണമെന്ന് നിര്‍ദേശം നല്‍കുന്ന അവസ്ഥയുണ്ടായിട്ടും ഡല്‍ഹി സര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും കുറ്റകരമായ നിശബ്ദതയാണ് പുലര്‍ത്തിയത്. ഹനുമാന്‍ ചാലിസ ചൊല്ലി ബി.ജെ.പിയേക്കാള്‍ വലിയ ഹിന്ദുക്കളും രാമഭക്തരുമാണ് തങ്ങളെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു ആം ആംദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ഒരു തികഞ്ഞ വലതുപക്ഷ പാര്‍ട്ടിയുടെ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നതുകൊണ്ട് നമുക്ക് ആ പ്രതികരണത്തില്‍ അമ്പരപ്പുണ്ടാകില്ല.
എന്നാല്‍, ഈ നിലപാട് ഒരൊറ്റപ്പെട്ട പ്രതിഭാസമല്ല. സംഘ്പരിവാറിനെ നേരിടേണ്ടത് കേവലം തെരഞ്ഞെടുപ്പ് ഗോദയില്‍ മാത്രമാണ് എന്ന തെറ്റായ രാഷ്ട്രീയധാരണ സംഘ്പരിവാര്‍ വിരുദ്ധ കക്ഷികള്‍ക്കിടയില്‍പ്പോലുമുണ്ട്. ദൈനംദിന ജീവിതത്തിന്റെയടക്കമുള്ള സകല സാമൂഹ്യസൂക്ഷ്മതകളിലേക്കും പടര്‍ന്നുകയറുന്ന ഒരു രാഷ്ട്രീയാര്‍ബുദമാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം. അതിന്റെ സാമൂഹ്യ പ്രതിനിധാനങ്ങളെ അംഗീകരിക്കുകയും രാഷ്ട്രീയാധികാരത്തെ എതിര്‍ക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായ ആത്മഹത്യക്ക് തുല്യമാണ്. രാമക്ഷേത്ര പൂജയ്ക്ക് തങ്ങളെ വിളിച്ചില്ലെന്ന പരാതി ഉന്നയിച്ച കോണ്‍ഗ്രസ് നേതൃത്വം കുടുങ്ങിപ്പോകുന്ന കെണി ഇതാണ്. ഒരു ഭരണകൂടം എന്ന നിലയിലുള്ള മോദി സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ നിന്നും വേറിട്ട് കാണാന്‍ ശ്രമിച്ചാല്‍ അകപ്പെടുന്ന കുരുക്കും ഇതാണ്.
യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനും മനുഷ്യരെ അതിദേശീയതയുടെ ആഘോഷങ്ങളിലും അക്രമങ്ങളിലും നിരന്തരം ഒതുക്കിനിര്‍ത്താനും വഴികള്‍ കണ്ടെത്തുന്ന ഫാസിസം അതിന്റെ മറുഭാഗത്ത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള സ്വകാര്യ സായുധ സേനയായി മാറുകയാണ് എന്നാണ് ഈ ബഹളങ്ങള്‍ക്കിടയില്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിന്റെ ഹിംസാത്മകമായ രഥയാത്ര വാസ്തവത്തില്‍ മണ്ഡലിനെതിരായ കമണ്ഡലിന്റെ മറുരാഷ്ട്രീയം കൂടിയായിരുന്നു. സമാനമായ രീതിയിലാണ് കോര്‍പറേറ്റ് കൊള്ളക്കുവേണ്ടി രാജ്യത്തെ പാകപ്പെടുത്തിവയ്ക്കുന്ന മോദി സര്‍ക്കാര്‍ ജനാധിപത്യ, മതേതര ശക്തികള്‍ക്ക് നേരെയുള്ള ഭരണകൂട അടിച്ചമര്‍ത്തല്‍ നടത്തുന്നത്.
രാഷ്ട്രീയ, സമ്പദ്‌വ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള മതേതര, ജനാധിപത്യ ചെറുത്തുനില്‍പ്പുകള്‍ക്ക് മാത്രമാണ് ഇത്തരത്തിലൊരു സമഗ്രാധിപത്യ സര്‍ക്കാരിനെതിരേയുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാവുക എന്ന് ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം തെളിയിക്കുന്നു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായി സംഘ്പരിവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളായി മാറ്റുമ്പോഴെല്ലാം അതിനെതിരായ സമരത്തെ ജനസാമാന്യത്തിന്റെ ചെറുത്തുനില്‍പ്പായി മാറ്റാന്‍ കഴിയാഞ്ഞത് അത്തരം ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ വേണ്ടത്ര എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന പരാജയം കൊണ്ടുകൂടിയാണ്.
ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരമടക്കമുള്ള രാഷ്ട്രീയസമരങ്ങളാണ് സംഘ്പരിവാറിന്റെ സാമൂഹ്യ, രാഷ്ട്രീയാധികാരത്തെ ഉലയ്ക്കാന്‍ പോകുന്നത്. സമൂഹത്തില്‍ മതവിദ്വേഷത്തിന്റെയും അതിദേശീയതയുടേയും വിളയിറക്കുമ്പോള്‍ തങ്ങളുടെ വയലുകള്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുക കൂടിയാണ് ഹിന്ദുത്വ ഫാസിസം ചെയ്യുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ തെരുവിലിറങ്ങുന്ന മനുഷ്യരിലാണ് ഇന്ത്യയിലൂടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ സാധ്യതകള്‍ വീണ്ടും തെളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."