തുലാമഴ കൂടി കനിഞ്ഞാല്‍ ജലശേഖരം പൂര്‍ണ സംഭരണശേഷിയില്‍
തൊടുപുഴ: തുലാമഴ കൂടി കനിഞ്ഞാല്‍ ഇക്കുറി അണക്കെട്ടുകളിലെ ജലശേഖരം പൂര്‍ണ സംഭരണശേഷിയില്‍ എത്തുമെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തല്‍. ഇന്നലെ രാവിലെ ഏഴുമണിയിലെ കണക്കുപ്രകാരം 3478.96 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായുണ്ട്. ഇത് മൊത്തം സംഭരണശേഷിയുടെ 84 ശതമാനമാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ( കാലവര്‍ഷം) സെപ്തംബര്‍ 30 ന് തന്നെ വിടവാങ്ങുമെന്നും വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) ഒക്ടോബര്‍ 15 ഓടെ സജീവമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലാകും തുലാമഴ കൂടുതല്‍. ഇടുക്കി അടക്കമുള്ള പ്രധാന അണക്കെട്ടുകള്‍ ഈ മേഖലയിലാണെന്നതാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. വടക്കന്‍ ജില്ലകളില്‍ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തില്‍ തുലാമഴ കുറയാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ സീസണ്.
കാലവര്‍ഷം 70 ശതമാനവും തുലാവര്‍ഷം 30 ശതമാനവും അണക്കെട്ടുകള്‍ നിറയ്ക്കണമെന്നതാണ് വൈദ്യുതി ബോര്‍ഡ് ജലവിനിയോഗ സെല്ലിന്റെ തത്വം. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ 781.73 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 1309.02 ദശലക്ഷത്തിനുള്ള നീരൊഴുക്കും. മൊത്തം സംഭരണ ശേഷിയുടെ 17 ശതമാനം വെള്ളമാണ് 27 ദിവസത്തിനിടെ കൂടിയത്. സെപ്റ്റംബര്‍ ഒന്നിന് 67 ശതമാനമായിരുന്നു ജലശേഖരം. ഗ്രൂപ്പ് ഒന്നില്‍പെട്ട ഇടുക്കി, ശബരിഗിരി, ഇടമലയാര്‍, ഷോളയാര്‍, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലെ ജലശേഖരം 83 ശതമാനമായതാണ് കെ.എസ്.ഇ.ബി യ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഗ്രൂപ്പ് രണ്ടില്‍ പെട്ട കുറ്റ്യാടി, തരിയോട്, ആനയിറങ്കല്‍, പൊന്മുടി അണക്കെട്ടുകളിലെ ജലനിരപ്പ് 89 ശതമാനവും ഗ്രൂപ്പ് മൂന്നിലെ കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, ലോവര്‍പെരിയാര്‍, കക്കാട് അണക്കെട്ടുകളിലെ ജലശേഖരം 92 ശതമാനവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."