നാട് പുനര്‍നിര്‍മിക്കാന്‍; നമുക്കൊന്നിച്ചിറങ്ങാം
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയും മാതൃകയായ തിരുവനന്തപുരം, കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ധനസമാഹരണത്തിനിറങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരില്‍നിന്നും പണം സ്വരൂപിച്ച് നവകേരളം സൃഷ്ടിക്കാനുള്ള യജ്ഞം 11 മുതല്‍ 15 വരെ ജില്ലയില്‍ നടക്കും. ചരിത്രപരമായ ഉദ്യമത്തില്‍ എല്ലാവരും അകമഴിഞ്ഞു സഹകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രനും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കലക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവരും ജില്ലയിലെ ആറു താലൂക്കുകളില്‍ നേരിട്ടെത്തിയാണ് സംഭാവനകള്‍ സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആര്‍ക്കും നല്‍കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെയാണു ധനശേഖണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 11നാണു തിരുവനന്തപുരം താലൂക്കിലെ ധനശേഖരണം. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വി.ജെ.ടി ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. 13ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും 14നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആറ്റിങ്ങല്‍ ടൗണ്‍ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വര്‍ക്കല മുനിസിപ്പല്‍ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും.
നെയ്യാറ്റിന്‍കര താലൂക്കിലെ ധനശേഖരണം 15ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെയ്യാറ്റിന്‍കര ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ കാട്ടാക്കട ക്രിസ്റ്റിയന്‍ കോളജ് ഓഡിറ്റോറിയത്തിലും നടക്കും.
ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും നല്‍കാം. ഓരോ താലൂക്ക് അടിസ്ഥാനത്തില്‍ വകുപ്പുകള്‍ ശേഖരിക്കുന്ന തുക ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ്ങില്‍വച്ച് മന്ത്രിക്കു നേരിട്ടു കൈമാറും.
സ്‌കൂള്‍ കുട്ടികളും നവ കേരളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകും. സെപ്റ്റംബര്‍ 11ന് ജില്ലയിലെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും. പി.ടി.എയുടെ സഹകരണത്തോടെയാണ് എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരിക്കുക. 11നു രാവിലെ 10ന് കോട്ടണ്‍ഹില്‍ സ്‌കൂളില്‍നിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍നിന്നും ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങും.
ധനസമാഹരണത്തെക്കുറിച്ച് ആലോചിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.ബി സതീഷ്, ഡി.കെ മുരളി, ബി. സത്യന്‍, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം, എ.ഡി.എം വി.ആര്‍ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ചരിത്ര ദൗത്യത്തിന്റെ ഭാഗമാകണം: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: കേരളത്തെ പുനര്‍ നിര്‍മിക്കാനുള്ള യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും കൈയയച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.
11 മുതല്‍ 15 വരെ ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയിലെ മുഴുവന്‍ ആളുകളുടേയും പിന്തുണയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ആവുംവിധം ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കി ചരിത്ര ദൗത്യത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
സഹായവുമായി വൈകോയും
തിരുവനന്തപുരം: കേരളത്തിലെ ദുരിത ബാധിതരുടെ കണ്ണിരൊപ്പാന്‍ സഹായവുമായി എം.ഡി.എം.കെ നേതാവ് വൈകോയുടെ നേതൃത്വത്തില്‍ മൂന്നു ലോറി നിറയെ അവശ്യ സാധനങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു. കലക്ടറേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും എം.എല്‍.എമാരായ ബി. സത്യന്‍, ഡി. മുരളി, ഐ.ബി സതീഷ്, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി എന്നിവര്‍ ചേര്‍ന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. കേരള ജനതയുടെ കണ്ണീരുകണ്ട് വെറുതേയിരിക്കാന്‍ തമിഴ്‌നാടിനാവില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും വൈകോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."