ഇരട്ടശിശുക്കളുടെ മരണം: ആരോഗ്യ വകുപ്പ് കർശന നടപടിയെടുക്കണം- എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: കൊവിഡ് മുക്തയായ ഗർഭിണിയോട് പ്രസവ ചികിൽസക്കു നേരെ മുഖം തിരിഞ്ഞു നിന്ന ആശുപത്രി അധികൃതരുടെ മനുഷ്യത്വ രഹിത സമീപനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സർക്കാർ അങ്ങേയറ്റം ഗൗരവമായി ഇതു കാണണമെന്നും എസ്.കെ.എസ്. എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.
കൊവിഡ് മുക്തയായതിനാൽ ചികിൽസയില്ലെന്നും, കൊവിഡ് ഉണ്ടായിരുന്നതിനാൽ ചികിൽസിക്കാനാവില്ലെന്നും പറഞ്ഞു രോഗിയെ വെച്ചു തട്ടിക്കളിക്കുന്ന ഗൗരവത്തെ ഉൾകൊണ്ടു വേണം ഈ സംഭവത്തിലെ തുടർ നടപടി. മണിക്കൂറുകളോളം കഴിഞ്ഞ ശേഷവും വേദനയോടെ രോഗിയെ ഡിസ്ചാർജ് ചെയ്തതും,ഒ.പി. സമയം കഴിഞ്ഞതിന്റെ പേരിലും കൊവിഡ് റിസൾട്ടിന്റെ പേരിലും , മടക്കി വിട്ടതും മനുഷ്യത്വപരമായ സമീപനമല്ല. വകുപ്പ് മന്ത്രി പ്രഖ്യാ പിച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
സമരങ്ങൾക്കിടയിലെ താൽകാലിക നടപടികളോ, കേവല അന്വേഷണം നടത്തി മാറ്റി നിർത്തലോ , രാഷ്ട്രീയ ഇടപെടലുകളോ മുഖേനെ അന്വേഷണവും നടപടികളും കളങ്കപ്പെട്ടുകൂടാ. അർഹമായ ചികിൽസക്കുള്ള അവകാശം നിഷേധിക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടി ഉടൻ കൈകൊള്ളണം. അതോടൊപ്പം അടിയന്തിര ഘട്ടങ്ങളിലും, കൊവിഡ് പോലുള്ള രോഗങ്ങൾ ഭേദമായവരുടെയും തുടർ ചികിൽസ നിഷേധിക്കാനോ, സാങ്കേതിക തടസ്സങ്ങൾ കാണിച്ചു ചികിൽസ വൈകാനോ ഇടയാവാത്ത വിധം , എല്ലാവർക്കും ചികിൽസ ഉറപ്പു വരുത്തുന്നതിനു , ആരോഗ്യ രംഗത്ത് കർശനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപെട്ടു. പ്രസിഡന്റ് പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.സെക്രട്ടറി ഉമറുൽ ഫാറൂഖ് ഫൈസി മണിമൂളി, ട്രഷറർ സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സഹ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."