സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല- സുപ്രിം കോടതി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിം കോടതി. സ്വവര്‍ഗ വിധി നിയമവിധേയമെന്ന് കോടതി നിരീക്ഷിച്ചു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്.
ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാളുടെ വ്യക്തിത്വം സമൂഹം അംഗീകരിക്കണം. ആര്‍ക്കും സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്.
നിയമം റദ്ദാക്കുന്ന കാര്യത്തില്‍ കോടതിക്ക് ഉചിത നിലപാടെടുക്കാം എന്നായിരുന്നു കേസില്‍ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ട നിലപാട്. എന്നാല്‍ മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ച, സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ എന്നിവ അനുവദിക്കാന്‍ ആകില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹരജിക്കാരുടെ വാദങ്ങള്‍. മതം,ജാതി ഭാഷ വര്‍ണ്ണം,ദേശം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണ്, ലൈംഗികതയും ലൈംഗിക അവകാശങ്ങളും മനുഷ്യാവകാശങ്ങളുടെ ഭാഗമാണെന്നും ഹരജിക്കാര്‍ വാദിച്ചു.
നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ല്‍ സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."