അരാംകോ പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമം; ഓയില്‍ പമ്പിങ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി
ജിദ്ദ: സഊദി അരാംകോ പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ഓയില്‍ പമ്പിങ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. അറ്റകുറ്റപണികള്‍ക്ക് ശേഷമാവും വിതരണം. ആക്രമണം ഏറ്റെടുത്ത ഹൂതി പ്രഖ്യാപനത്തിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ സഊദിക്ക് പിന്തുണ പ്രഖ്യാപിച്ചു.
എണ്ണ ഖനനം സജീവമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനിലാണ് ഡ്രോണ്‍ ആക്രമണം. യാമ്പുവിലേക്ക് എണ്ണ ശുദ്ധീകരണത്തിന് എത്തിക്കുന്നതായിരുന്നു ഈ പൈപ്പ് ലൈന്‍. തീ പിടുത്തം ഉടന്‍ അണച്ചിരുന്നു. എങ്കിലും അറ്റകുറ്റപ്പണിക്ക് സമയമെടുക്കും. ഇത് പൂര്‍ത്തീകരിച്ച് സുരക്ഷയുറപ്പാക്കി ഉടന്‍ പമ്പിങ് തുടങ്ങാനാണ് അരാംകോയുടെ പദ്ധതി. അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്കുള്ള സഊദിയുടെ എണ്ണ വിതരണം നിര്‍ബാധം തുടരുന്നു. ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാല്‍ കപ്പലുകളുടെ അട്ടിമറി നീക്കത്തിനു പിന്നില്‍ ആരെന്ന കാര്യം ഇനിയും വ്യക്തമല്ല. ആക്രമണത്തെ അപലപിച്ച് ഗള്‍ഫിനൊപ്പം പാശ്ചാത്യ രാജ്യങ്ങളും സഊദിക്ക് പിന്തുണ അറിയിച്ചു.
അതേ സമയം സഊദി എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണ പശ്ചാത്തലത്തില്‍ യു.എ.ഇ ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. ആക്രമണത്തിനു പിന്നിലെ വൈദഗ്ധ്യം കൂടി വിലയിരുത്തിയാണ് അധിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. അതേ സമയം എണ്ണവിതരണ പ്രക്രിയയും തുറമുഖങ്ങളുടെ പ്രവര്‍ത്തനവും മാറ്റമില്ലാതെ തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഫുജൈറയുടെ കിഴക്കന്‍ തീരത്ത് ഒമാന്‍ ഉള്‍ക്കടലില്‍ അട്ടിമറി ലക്ഷ്യമിട്ട് നാല് കപ്പലുകള്‍ക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. തുടര്‍ന്നാണ് സഊദി അരാംകോയുടെ എണ്ണ പൈപ്പ് ലൈനുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം. ഇരു സംഭവങ്ങളും എണ്ണവിപണി ലക്ഷ്യം വെച്ചുള്ളതാണെന്ന നിഗമനത്തിലാണ് യു.എ.ഇ, സഊദി അധികൃതര്‍. ഈ സാഹചര്യത്തിലാണ് സുരക്ഷാ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."