കാര്‍ട്ടൂണിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: കാര്‍ട്ടൂണ്‍ എന്ന കലയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ മേളയോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഏറെ പേടിയുള്ളതും കാര്‍ട്ടൂണിനെയാണ്. സമൂഹത്തില്‍ തിരുത്തല്‍ ശക്തിയായി മാറാനും വാര്‍ത്തയേക്കാള്‍ ശക്തമായി വിമര്‍ശനവും ആശയവും പങ്കുവയ്ക്കാനും കാര്‍ട്ടൂണിന് കഴിയും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന പശുവും കിടാവും മാറ്റി പുതിയ ചിഹ്നം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്ന അവസരത്തില്‍ വരച്ച കാര്‍ട്ടൂണുകള്‍ ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.
കാര്‍ട്ടൂണിസ്റ്റുകളുടെ മനസ് രാഷ്ട്രീയക്കാര്‍ക്കും മതമേലധ്യക്ഷന്മാര്‍ക്കുമുണ്ടായാല്‍ ലോകം നന്നായേനേയെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. നിങ്ങളുടെ മുന്നില്‍ ഇരിക്കാന്‍ ഒരേ സമയം പേടിയും സന്തോഷവുമുണ്ട്. ഒരാളെ പ്രസിദ്ധനാക്കാനും നശിപ്പിക്കാനുമൊക്കെ നിങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും. കാര്‍ട്ടൂണിസ്റ്റുകളെ പലര്‍ക്കും പേടിയാണ്. അതുപോലെ ബഹുമാനവുമാണ്. നിങ്ങളും പിണറായി വിജയനുമാണ് ഇപ്പോള്‍ ഇവിടെ നിറഞ്ഞുനില്‍ക്കുന്നതെന്നും ക്രിസോസ്റ്റം പറഞ്ഞു. സംവിധായകന്‍ ബ്ലെസി, ഹൈബി ഈഡന്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ പോള്‍, ടി.ജെ വിനോദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."