കൊട്ടാര ചരിത്രത്തിന്റെ രാഷ്ട്രീയ അജന്‍ഡ
ഒരു ദേശത്തെ നിര്‍വചിക്കാനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗമാണ് ആ ദേശത്തിന്റെ ചരിത്രരചന. തെസ്യൂസ് പുരാതന ഏതന്‍സിനെ മാത്രമല്ല ആധുനിക ഗ്രീസിനെയും രൂപപ്പെടുത്തി. ഫ്രഞ്ച് ദേശീയത രൂപപ്പെടുത്തുന്നതില്‍ ജോന്‍ ഓഫ് ആര്‍ക്കിനു വലിയ പങ്കുണ്ട്. ഭാഷ, വംശം എന്നിവയെ പോലെ പൊതുചരിത്രവും വീരനായകന്മാരും ഒരു രാഷ്ട്രത്തെ രൂപപ്പെടുത്തുന്നു. ദേശീയതയെ രൂപപ്പെടുത്തുന്നതില്‍ ചരിത്രരചന (ഹിസ്റ്റോറിയോഗ്രാഫി) ഏറെ പ്രധാനമാണ്. കാലിക രാഷ്ട്രീയത്തിന്റെ ചതുരംഗപലകയില്‍ അജന്‍ഡകള്‍ നിശ്ചയിക്കുന്നതിലും ചരിത്രരചനയുടെ പ്രാധാന്യം അവഗണിക്കാനാവില്ല.
അമേരിക്കയില്‍ പുരാതനകാലത്ത് തന്നെ അതിഗംഭീരമായ മായന്‍ നാഗരികത നിലവിലുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയുടെ ചരിത്രം തുടങ്ങുന്നത് കൊളംബസ് അമേരിക്ക 'കണ്ടുപിടിക്കുന്നത്' മുതലാണ്. കാരണം ചരിത്രം രചിക്കുന്നത് അധികാരം കയ്യടക്കുന്നവരാണ്. പുരാതന കാലം മുതല്‍ ഈ യാഥാര്‍ഥ്യം ഭരണാധികാരികള്‍ മനസിലാക്കിയിരുന്നു. അതിനാല്‍ സൈന്യത്തെയും ചാരന്മാരെയും പോറ്റിയത് പോലെ അവര്‍ ചരിത്രകാരന്മാരെയും ഊട്ടി വളര്‍ത്തി. ബാണ ഭട്ടന്‍ എഴുതിയ 'ഹര്‍ഷ ചരിതം' ഉദാഹരണം. തന്റെ യജമാനനായ ഹര്‍ഷ വര്‍ദ്ധന്റെ വീരകഥകള്‍ പറയുകയാണ് അതില്‍. മധ്യകാല ഇന്ത്യയില്‍ സുല്‍ത്താന്മാരും അതിനു ശേഷം വന്ന മുഗള്‍ ചക്രവര്‍ത്തിമാരും കൊട്ടാര ചരിത്രരചനാ രീതിയെ പ്രോത്സാഹിപ്പിച്ചു. അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലം വിവരിക്കുന്ന അബുല്‍ ഫസല്‍ എഴുതിയ 'ഐന്‍ ഇ അക്ബറി' 'അക്ബര്‍നാമ' എന്നിവ കൃത്യമായ രാഷ്ട്രീയ അജന്‍ഡയോടെ എഴുതപ്പെട്ടവയാണ്. ബ്രിട്ടിഷുകാര്‍, വില്യം ഹണ്ടറെ പോലുള്ള ഉദ്യോഗസ്ഥ ചരിത്രകാരന്മാരെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ചരിത്രം ചമയ്ക്കാന്‍ നിയോഗിക്കുകയുണ്ടായി.
ആധുനിക ഇന്ത്യയുടെ ചരിത്രരചനയില്‍ രാഷ്ട്രീയ അജന്‍ഡകള്‍ പകല്‍ വെളിച്ചംപോലെ വ്യക്തമാണ്. ആധുനിക കാലത്ത് രചിക്കപ്പെട്ട ഇന്ത്യാ ചരിത്ര കൃതികളെല്ലാം രാഷ്ട്രീയ അജന്‍ഡയുടെ അച്ചില്‍ വാര്‍ക്കപ്പെട്ടവയാണ്. ഇത് നിഷ്പക്ഷമായ ചരിത്രം അസാധ്യമാക്കുന്നു. ഇവയില്‍ പ്രധാനമായും മൂന്ന് ചരിത്ര രചനാ സരണികളാണ് ഉണ്ടായിരുന്നത് - സാമ്രാജ്യത്വം, ദേശീയവാദം, മാര്‍ക്‌സിസം. എന്നാല്‍ ഇന്ത്യയില്‍ സംഘ്പരിവാര്‍, രാഷ്ട്രീയത്തിലും സമൂഹത്തിലും നേടിയെടുത്ത കണ്ണഞ്ചിപ്പിക്കുന്ന മേധാവിത്തം പുതിയ ഒരു ചരിത്ര രചനാ സമീപനത്തിന് കൂടി ഉരുവം നല്‍കിയിരിക്കുന്നു. ഇതിനെ 'ബ്രാഹ്മണിക്കല്‍ സമീപനം' എന്ന് വിളിക്കാം. ഡോക്ടര്‍ അംബേദ്കര്‍ ചൂണ്ടിക്കാണിച്ചത് പോലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ നിരാകരണത്തെയും ശ്രേണീബദ്ധമായ അസമത്വത്തിലും ചൂഷണത്തിലും ഊന്നിയ സാമൂഹ്യഘടനയെയുമാണ് 'ബ്രാഹ്മണിസം' എന്ന് വിവക്ഷിക്കുന്നത്. ഹിന്ദു സംസ്‌കാരത്തിലെ സമാന്തരവും പരസ്പര വിരുദ്ധവുമായ രണ്ടു ധാരകളില്‍ ഒന്നാണിത്. ആത്മീയ ഉത്കര്‍ഷത്തിനും മാനവികതയ്ക്കും വേണ്ടി നിലകൊള്ളുന്ന ശ്രമണ പാരമ്പര്യമാണ് ബ്രാഹ്മണിസത്തിന്റെ എതിര്‍ ദിശയില്‍ നില്‍ക്കുന്നത്. ശ്രീബുദ്ധനില്‍ തുടങ്ങി ശ്രീനാരായണ ഗുരു വരെ നീളുന്നതാണ് ശ്രമണ പരമ്പര.
ബ്രിട്ടിഷുകാര്‍ അവരുടെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പടച്ചുണ്ടാക്കിയ ഇന്ത്യാ ചരിത്രമാണ് സാമ്രാജ്യത്വ ചരിത്രം. ബ്രിട്ടിഷ് കോളോണിയലിസത്തിനും ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കുമിടക്ക് അടിസ്ഥാനപരമായി യാതൊരു വൈരുധ്യവുമില്ല എന്നാണ് സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ വാദിച്ചത്. ഈ ചിന്താധാരയുടെ പിന്മുറക്കാരാണ് നവസാമ്രാജ്യത്വ ചരിത്രകാരന്മാര്‍. ബ്രിട്ടിഷ് ഭരണം ഇന്ത്യയിലെ ആധുനികവല്‍ക്കരിച്ചു എന്നാണ് ഇവരുടെ വാദം. ദേശീയവാദ ചരിത്രകാരന്മാര്‍ ഇന്ത്യന്‍ നവോത്ഥാന മൂല്യങ്ങളാലും ദേശീയ പ്രസ്ഥാനത്താലും പ്രചോദിതരായി ചരിത്രരചനാ രംഗത്തേക്ക് വന്നവരാണ്. അവരുടെ ചരിത്രരചന ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. ദാദാഭായ് നവറോജി പോലുള്ള പണ്ഡിതന്മാരാണ് ദേശീയവാദ ചരിത്രധാരയുടെ പൂര്‍വപിതാക്കള്‍. ആര്‍.സി ദത്ത് രചിച്ച 'ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ' ദേശീയവാദ ധാരയില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അതുപോലെ 1961 - 1972 കാലത്ത് നാലു വാള്യങ്ങളായി പ്രസിദ്ധീകരിച്ച താരാചന്ദ് രചിച്ച 'ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ' അതിന്റെ മതേതര കാഴ്ചപ്പാടുകൊണ്ട് ശ്രദ്ധേയമായി. മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍, ചരിത്രത്തെ വര്‍ഗ്ഗ ബോധത്തോടെ സമീപിച്ചു. രജനി പാമി ദത്താണ് ഇവരില്‍ പ്രഥമഗണനീയന്‍.
ചരിത്രത്തെ നവീനമായി വിലയിരുത്താനുള്ള ശ്രമങ്ങള്‍ പിന്നീട് നടക്കുകയുണ്ടായി. ആഗോളതലത്തില്‍ ബ്രിട്ടിഷ് ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം (1917- 2012) ചരിത്രത്തെ വ്യത്യസ്തമായി വ്യാഖ്യാനിച്ചു. 'താഴെ നിന്നുള്ള ചരിത്രം' (ഹിസ്റ്ററി ഫ്രം ബിലോ) എന്ന ആശയം അദ്ദേഹം മുന്നേട്ടുവച്ചു. ചരിത്രം അഭിജാതന്മാരുടെ മാത്രം കഥയല്ലായെന്നും അടിസ്ഥാന വര്‍ഗം ചരിത്രനിര്‍മിതിയില്‍ വലിയ പങ്കുവഹിക്കുന്നുവെന്നും ഹോബ്‌സ്ബാം ചൂണ്ടിക്കാട്ടി. 'പാസ്റ്റ് ആന്‍ഡ് പ്രസന്റ്' എന്ന പ്രസിദ്ധീകരണത്തിലൂടെ സാധാരണക്കാര്‍ ചരിത്രത്തില്‍ വഹിച്ച പങ്കിന് ഹോബ്‌സ്ബാം അടിവരയിട്ടു. 'പ്രിമിറ്റീവ് റെബെല്‍സ്' എന്ന കൃതിയില്‍ 'സാമൂഹ്യ കൊള്ള' (സോഷ്യല്‍ ബാന്‍ഡിറ്ററി) എന്ന ആശയം ഹോബ്‌സ്ബാം അവതരിപ്പിച്ചു. സാമൂഹ്യ ചൂഷണത്തിന് ശരവ്യരാവുന്ന സാധാരണ ജനം അവരുടെ മര്‍ദകര്‍ക്കെതിരേ യുദ്ധം ചെയ്ത്, അവരെ കൊള്ളയടിക്കുന്നതാണ് സോഷ്യല്‍ ബാന്‍ഡിറ്ററി. 1921ലെ മാപ്പിള വിപ്ലവത്തെ എറിക് ഹോബ്‌സ്ബാമിന്റെ പരിപ്രേക്ഷ്യത്തില്‍ വേണം വിലയിരുത്താന്‍. തോമസ് കാര്‍ലൈല്‍ പറഞ്ഞതുപോലെ വരേണ്യര്‍ ചരിത്രം നിര്‍മിക്കുകയായിരുന്നില്ല അവിടെ മറിച്ച്, നൂറ്റാണ്ടുകളായി ചൂഷണത്തിന് ഇരയായ ഒരു ജനത മര്‍ദകരെതിരേ തിരിച്ചടിക്കുകയായിരുന്നു. ആ ജനത യാദൃച്ഛികമായി വാര്‍ത്തെടുത്ത നേതാക്കന്മാരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയും ആലി മുസ്‌ലിയാരും. അവരെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമം അഭിജാതചൂഷക വര്‍ഗം ചരിത്രത്തിനുമേല്‍ നേടിയെടുത്ത കുത്തകാധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്.
എറിക് ഹോബ്‌സ്ബാമിന്റെ സമീപനത്തോട് സാമ്യമുള്ള ഇന്ത്യന്‍ ചരിത്രരചനാ സരണിയാണ് കീഴാള ചരിത്രം (സബട്ടണ്‍ ഹിസ്റ്റോറിയോഗ്രാഫി). പ്രൊഫ. രഞ്ജിത്ത് ഗുഹ നേതൃത്വം നല്‍കിയ ഈ സരണി ഇതഃപര്യന്തമുള്ള എല്ലാ ചരിത്രരചനാ രീതികളെയും വരേണ്യ ചരിത്രരചനാ സരണികളായാണ് കാണുന്നത്. വരേണ്യ ചരിത്രം സാധാരണ ജനതയുടെ ത്യാഗങ്ങളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. കീഴാള ജനതയുടെ ചരിത്രനിര്‍മിതി സ്വയവര്‍ത്തിത്വമുള്ളതായിരുന്നു. ചാര്‍ച്ച, വാസപ്രദേശം എന്നിവയെ ആധാരമാക്കിയ പരമ്പരാഗത കൂട്ടായ്മകളാണ് കീഴാള രാഷ്ട്രീയത്തെ മുന്നോട്ട് നയിച്ചത്. വരേണ്യ രാഷ്ട്രീയം നിയമവിധേയവും വ്യവസ്ഥാപിതവുമായിരുന്നു .എന്നാല്‍ കീഴാള രാഷ്ട്രീയം ഹിംസാത്മകവും സഹജവും യാദൃച്ഛികവുമായിരുന്നു. കര്‍ഷക ലഹളകളാണ് ഈ കീഴാള രാഷ്ട്രീയത്തിന്റെ ഏറ്റവും ദൃശ്യമായ രൂപം. അത് പലപ്പോഴും വരേണ്യ രാഷ്ട്രീയത്തില്‍ നിന്ന് കുതറിച്ചാടുന്നുവെന്നും രഞ്ജിത്ത് ഗുഹ നിരീക്ഷിച്ചു. 1921ലെ മാപ്പിള വിപ്ലവം രഞ്ജിത്ത് ഗുഹയുടെ വീക്ഷണത്തില്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതിനെ മതത്തിന്റെ നിറം നല്‍കി തമസ്‌കരിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്, പ്രൊഫ. ഗുഹയുടെ വരേണ്യ ഗൂഢാലോചന സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു.
വരേണ്യാധികാരത്തിന്റെ പരകോടിയാണ് ബ്രാഹ്മണിസം. സംഘ്പരിവാറിനെ മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ പ്രത്യയശാസ്ത്രം ബ്രാഹ്മണിസമാണ്. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചും പൈശാചികവല്‍ക്കരിച്ചുമാണ് ബ്രാഹ്മണിസം അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നത്. ഇതിനു അനുസൃതമായ ഒരു ചരിത്രരചനാ സരണിക്കും സംഘ്പരിവാര്‍ രൂപം നല്‍കിയിട്ടുണ്ട്. അതിനാലാണ് മാപ്പിള വിപ്ലവത്തെ പോലെ ഭീമ കൊറേഗാവ് യുദ്ധത്തെയും സംഘ്പരിവാര്‍ തമസ്‌കരിക്കുകയും താറടിക്കുകയും ചെയ്യുന്നത്. 1818 ജനുവരി ഒന്നിന് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ബാജിറാവു രണ്ടാമന്റെ പേഷ്വന്‍ സൈന്യവും തമ്മില്‍ കൊറേഗാവ് ഭീമയില്‍ വച്ച് നടന്ന ഏറ്റുമുട്ടലാണ് കൊറേഗാവ് യുദ്ധം എന്നറിയപ്പെടുന്നത്. കമ്പനി സൈന്യത്തിന്റെ ഭൂരിഭാഗവും ബോംബെ നേറ്റിവ് ഇന്‍ഫെന്റ്‌റിയിലെ ദലിത് വിഭാഗക്കാരായിരുന്നു എന്നതുകൊണ്ട് ദലിത് ചരിത്രത്തിന്റെ ധീരമായ ഒരേടായി ഇത് കണക്കാക്കുന്നു.
ഈ ദലിത്, ന്യൂനപക്ഷ വിരുദ്ധ കൃത്രിമ ചരിത്ര നിര്‍മിതിയുടെ ഉദാഹരണമാണ് 'ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സ്: ഇന്ത്യ'സ് ഫ്രീഡം സ്ട്രഗിള്‍ (1857 - 1947)' എന്ന ഔദ്യോഗിക ചരിത്ര രേഖയില്‍ നിന്ന്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച്, 1921ലെ മാപ്പിള വിപ്ലവത്തിന്റെ നായകരായ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും ആലി മുസ്‌ലിയാരേയും ഒഴിവാക്കിയ നടപടി. സവര്‍ണ കോണ്‍ഗ്രസ് നേതാവായ, സമാനതകളില്ലാത്ത ത്യാഗങ്ങള്‍ സഹിച്ച, മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, തന്റെ 'ഖിലാഫത്ത് സ്മരണകള്‍' എന്ന കൃതിയില്‍ മാപ്പിള വിപ്ലവത്തിന് അനേക മാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. അത് ബ്രിട്ടിഷ് സര്‍ക്കാരിനെതിരായ മാപ്പിള വിപ്ലവമായിരിക്കെ തന്നെ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനും കീഴാളരുടെ മോചനത്തിനും വേണ്ടിയുള്ള വിമോചനസമരം തന്നെയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. സംഘ്പരിവാറിന്റെ കൊട്ടാര ചരിത്രകാരന്മാര്‍ തമസ്‌കരിക്കുന്നതും വക്രീകരിക്കുന്നതും ഈ ചരിത്രത്തെയാണ്. അധികാരം ഉപയോഗിച്ചു ഇപ്പോള്‍ അവര്‍ക്കിത് സാധ്യമായേക്കും; പക്ഷേ അത്തരം ഭരണകൂടങ്ങളെ കാലം ചവറ്റുകൊട്ടയില്‍ എറിയുമെന്നതാണ് ചരിത്രത്തിന്റെ പാഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."