അഹങ്കാരം വെടിയുക, പാപമോചനം നേടുക
വിശ്വാസികള്‍ക്ക് പാപമോചന വാഗ്ദാനമായി പ്രവാചകന്‍(സ) പ്രഖ്യാപിച്ച റമദാനിലെ മധ്യഭാഗത്തെ പത്ത് സമാഗതമായി. സ്രഷ്ടാവായ അല്ലാഹു അവന്റെ സൃഷ്ടികളോട് കാരുണ്യത്തോടെ നിലകൊള്ളുന്നവനാണ്. കാരുണ്യമാണ് അല്ലാഹുവിന്റെ സ്വഭാവ ഗുണവിശേഷങ്ങളില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത്. അതിനാല്‍ പശ്ചാത്താപ മനസുമായി തന്നിലേക്ക് അടുക്കുന്നവരെ അവന്‍ പരിഗണിക്കും. അല്ലാഹുവിന്റെ ശിക്ഷ ഭയന്നതിനാല്‍ അവന്റെ കല്‍പനക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് മടങ്ങിയവന്് 'താഇബ്' എന്നും ലജ്ജ കാരണം തെറ്റുകളില്‍നിന്ന് മടങ്ങിയവന് 'മുനീബ്' എന്നും അല്ലാഹുവിന്റെ പ്രതാപത്തെ മഹത്വപ്പെടുത്തി മടങ്ങിയവന് 'അവ്വാബ്' എന്നും പറയുന്നു.
അല്ലാഹു പറയുന്നു: 'എന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്നു' (അല്‍ അഅ്‌റാഫ് 7:156). 'കാരുണ്യത്തെ അവന്‍ സ്വയം ഒരു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു' (6:12). ഈ കാരുണ്യം കാരണമാണ് അവന്‍ മാപ്പിന്റെ വാതിലുകള്‍ തുറക്കുന്നതും. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'. (അല്‍ ബഖറ222). ചെയ്തുപോയ തെറ്റുകളില്‍ അഭിരമിച്ചു നില്‍ക്കാതെ ഖേദിച്ചു മടങ്ങാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്. 'സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുവിന്‍'(അന്നൂര്‍31). 'സത്യവിശ്വാസികളേ, അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങുവിന്‍' (അത്തഹ്‌രീം 8).
ചെയ്തുപോയ തെറ്റുകളുടെ പേരില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നവര്‍ക്കായി അല്ലാഹു കരുണയുടെ കവാടം തുറന്നു കാത്തിരിക്കുകയാണ്. തിരുദൂതരില്‍ നിന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇപ്രകാരമാണ്. 'പകല്‍ തെറ്റു ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു തന്റെ കരങ്ങള്‍ രാത്രി നീട്ടിപ്പിടിക്കുന്നു. രാത്രി തെറ്റു ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു പകല്‍ സമയത്ത് അവന്റെ കരങ്ങള്‍ നീട്ടി കാത്തിരിക്കുന്നു, സൂര്യന്‍ കിഴക്കുനിന്ന് ഉദിക്കുവോളം.'
സംഭവിച്ച തെറ്റുകളെ നിസ്സാരമായി കാണാന്‍ പാടില്ല. അതു വലിയ അപരാധമാണ്. തെറ്റ് ആവര്‍ത്തിക്കാനും തൗബ ചെയ്യാതിരിക്കാനും അതു കാരണമാകും. ലാഘവ ബോധത്തോടെ ചെറിയ തെറ്റുകള്‍ ചെയ്താല്‍ അതു വന്‍ കുറ്റങ്ങളായി പരിഗണിക്കപ്പെടും. അബ്ദുല്ലാഹിബ്ന്‍ മസ്ഊദ് (റ) പറയുന്നു: 'പാപങ്ങളെ വിശ്വാസി ഒരു പര്‍വതം കണക്കെയാണ് കാണുക. അതെപ്പോള്‍ വേണമെങ്കിലും അവന്റെ മേല്‍ പതിച്ചേക്കാമെന്ന് അവന്‍ ഭയപ്പെടും. എന്നാല്‍ അവിശ്വാസി പാപങ്ങളെ കാണുക, തന്റെ മൂക്കിന്‍ തുമ്പത്തിരിക്കുന്ന ഈച്ചയെ പോലെയാണ്. അത് അല്‍പ്പം കഴിഞ്ഞാല്‍ പറന്നുപോകുമെന്ന് അവന്‍ കരുതുന്നു'. അതായത് തനിക്കു സംഭവിച്ച തെറ്റിനെ നിസാരമായി കാണുന്നവന്‍ കപടവിശ്വാസിയാണെന്നു ചുരുക്കം. ഇമാം ഔസാഇ പറയുന്നു: 'നിങ്ങള്‍ ചെയ്യുന്ന പാപങ്ങളുടെ വലുപ്പവും ചെറുപ്പവുമല്ല നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, മറിച്ച് അതിലൂടെ ദൈവ ധിക്കാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം'. അതിനാലാണ് പ്രവാചകന്‍(സ) പാപങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നമ്മോട് ആവശ്യപ്പെട്ടത്. അതു നിസ്സാരമായി കാണുന്നവനു വലിയ നാശമാണ് ഉണ്ടാകുകയെന്ന് തിരുനബി (സ) മുന്നറിയിപ്പു നല്‍കിയത് കാണാം. പ്രവാചകന്‍(സ) പറഞ്ഞു: 'അല്ലാഹു ഇഷ്ടപ്പെടാത്ത വര്‍ത്തമാനം പറഞ്ഞ മനുഷ്യന് അതുമൂലം ഇഹലോകത്ത് നഷ്ടമൊന്നുമുണ്ടായില്ലെങ്കിലും അവന്‍ നരകത്തില്‍ വലിച്ചെറിയപ്പെട്ടേക്കാം' (ബുഖാരി). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: 'അടിമയുടെ വര്‍ത്തമാനങ്ങള്‍ ഇഹലോകത്ത് പ്രത്യേക പരിണിതികള്‍ ഒന്നുമുണ്ടാക്കിയില്ലെങ്കിലും അവന്റെ നരക പ്രവേശനത്തിന് അതു കാരണമായേക്കും' (ബുഖാരി, മുസ്‌ലിം).
സ്വന്തം തെറ്റിനെ മനുഷ്യന്‍ ഗൗരവമായി കാണുമ്പോള്‍ അല്ലാഹു അതിനെ നിസ്സാരമായി പരിഗണിക്കും. എന്നാല്‍ സ്വന്തം തെറ്റിനെ മനുഷ്യന്‍ നിസ്സാരമായി കാണുകയാണെങ്കില്‍ അല്ലാഹു അതിനെ ഗൗരവതരമായിട്ടാണു കാണുക. പാപം മനുഷ്യസഹജമാണ്. പശ്ചാത്തപിക്കുന്നവരാണു പാപം ചെയ്തവരിലെ ശ്രേഷ്ഠര്‍. അനസുബ്‌നു മാലികില്‍ (റ) നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: 'എല്ലാ ആദമിന്റെ പുത്രന്മാരും തെറ്റ് ചെയ്യുന്നവരാണ്. തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.' (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്)
വല്ല അരുതായ്മകളും വന്നുപോയതിന്റെ പേരില്‍ അടങ്ങാത്ത പശ്ചാത്താപ മനസുമായി നില്‍ക്കുന്നവര്‍ക്ക് അനന്തമായ ഉയര്‍ച്ചയാണു ലഭ്യമാകുക. വിശ്വാസികളുടെ യഥാര്‍ഥ സ്വഭാവം വിശദീകരിച്ച് അല്ലാഹു പറഞ്ഞു: വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോടു തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്കു മാപ്പു തേടുകയും ചെയ്യുന്നവര്‍. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത് ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.' (ആലു ഇംറാന്‍: 135)
പാപമോചനം ലഭ്യമാകുന്നതിനു ചില നിബന്ധനകളുണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ അതിനു മൂന്നു നിബന്ധനകളാണ് പണ്ഡിതര്‍ പഠിപ്പിച്ചുതന്നത്. ഒന്ന്, ചെയ്ത കുറ്റത്തില്‍നിന്ന് പൂര്‍ണമായും മുക്തനാവുക. തെറ്റില്‍ മുഴുകിക്കൊണ്ടിരിക്കുമ്പോള്‍ പശ്ചാത്താപത്തിനു പ്രസക്തിയില്ല. പാപത്തില്‍നിന്ന് വിരമിക്കാതെ തൗബയുടെ വചനങ്ങള്‍ ഉരുവിടുന്നവന്‍, പശ്ചാത്തപിക്കുന്നു എന്നു പറയുന്നവന്‍ സ്രഷ്ടാവിനെ പരിഹസിക്കുന്നവനാണ്.
രണ്ട്, ചെയ്തുപോയ തെറ്റിന്റെ പേരില്‍ ഖേദിക്കുക (തൗബ). ജനങ്ങളുടെ സ്തുതി സമ്പാദിക്കാനോ ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനോ മറ്റോ ഉള്ള ഖേദപ്രകടനം തൗബയുടെ ഭാഗമല്ല. അതു തൗബയായി പരിഗണിക്കപ്പെടുകയില്ല. തൗബയെക്കുറിച്ച് പ്രവാചക തിരുമേനി(സ) പറഞ്ഞതു തന്നെ ഖേദമെന്നാണ്. തന്നില്‍നിന്ന് അങ്ങനെ സംഭവിച്ചുപോയല്ലോ എന്നുള്ള നീറ്റല്‍ തന്നെയാണു പശ്ചാത്താപമെന്ന് ചുരുക്കം.
മൂന്ന്, തെറ്റുകളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക. ഇവിടെ ഒരു കാര്യം പ്രത്യേകം സൂക്ഷിക്കണം. പിശാച് മനുഷ്യനെ വല്ലാതെ വഴിപിഴപ്പിക്കുന്ന മേഖലയാണിത്. തെറ്റില്‍നിന്ന് വിരമിക്കുന്നവന്‍ ഇനിയൊരിക്കലും ദൃഢനിശ്ചയം ചെയ്താലും തെറ്റ് മനുഷ്യസഹജമായി സംഭവിച്ചേക്കാം. അതിനാല്‍ വീണ്ടും തെറ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നീ തൗബ ചെയ്തിട്ടു കാര്യമില്ലെന്ന് പിശാച് ദുര്‍ബോധനം നടത്തും. എന്നാല്‍ തൗബ ചെയ്യുന്ന സമയത്ത് ആത്മാര്‍ഥമായി ഇനിയൊരിക്കലും താന്‍ മടങ്ങില്ലെന്ന ബോധ്യം ഉണ്ടായാല്‍ മതി. വീണ്ടും തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന വാദം തന്നെ പൈശാചികമാണ്. ചെയ്യുന്ന സര്‍വ കര്‍മങ്ങളിലും ആത്മാര്‍ഥത ഉണ്ടാകണം.
കുറ്റങ്ങള്‍ മറ്റു ജനങ്ങളുടെ 'ഹഖു'മായി ബന്ധപ്പെട്ടതാണെങ്കില്‍ മേല്‍ വിവരിച്ച മൂന്നു കാര്യങ്ങള്‍ക്കു പുറമെ നാലാമതൊരു നിബന്ധന കൂടിയുണ്ട്. തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. ഇതു പലവിധമാണ്. മറ്റൊരാളുടെ സ്വത്തുമായി ബന്ധപ്പെട്ടതാണെങ്കില്‍ അയാളുടെ സ്വത്ത് തന്നെ അയാള്‍ക്ക് മടക്കിക്കൊടുക്കണം. അഥവാ അതു ശേഷിക്കുന്നില്ലെങ്കില്‍ അതുപോലെയുള്ള വേറെ വസ്തുവോ അതിന്റെ വിലയോ നല്‍കണം. അയാളെപ്പറ്റി അപരാധം പറയുക, കൊല, അക്രമം പോലെയുള്ള കുറ്റമാണെങ്കില്‍ തന്നില്‍നിന്ന് പ്രതികാര നടപടി സ്വീകരിക്കാന്‍ അവസരമൊരുക്കിക്കൊടുക്കണം. അടി, കൈ മുറിക്കല്‍, പ്രതിക്കൊല, എറിഞ്ഞുകൊല്ലല്‍ മുതലായവ നടപ്പില്‍വരുത്താന്‍ സൗകര്യമുണ്ടാക്കണം. അല്ലാത്തപക്ഷം അയാള്‍ മാപ്പു ചെയ്യണം. ആ കുറ്റം മറ്റൊരാളെ പരദൂഷണം പറഞ്ഞതാണെങ്കില്‍ പറയപ്പെട്ടവനെ കണ്ട് പൊരുത്തപ്പെടുവിക്കുകയും പറഞ്ഞ കുറ്റങ്ങള്‍ അയാളുടെ മുന്നില്‍ എടുത്തുദ്ധരിക്കുകയും അതില്‍നിന്ന് തന്നെ ഒഴിവാക്കിത്തരാനും മാപ്പു ചെയ്യാനും ആവശ്യപ്പെടുകയും വേണം.
പാപികള്‍ക്കു പാപമോചനത്തിനുള്ള അസുലഭ അവസരമാണ് റമദാന്‍. റമദാന്‍ സമാഗതമായിട്ടും പാപം പൊറുപ്പിക്കാത്തവനെ അല്ലാഹു അവന്റെ റഹ്മതിനെ തൊട്ട് വിദൂരത്താക്കട്ടെ എന്നു ജിബ്‌രീല്‍ പ്രാര്‍ഥിച്ചതും തിരുനബി(സ) ആമീന്‍ പറഞ്ഞതും നാം ഗൗരവത്തോടെ കാണണം. അവസരം നഷ്ടപ്പെടുത്താതെ, ദുരഭിമാനം വെടിഞ്ഞ് പശ്ചാത്താപത്തിലൂടെ റമദാന്‍ ഉപയോഗപ്പെടുത്താനും അതിലൂടെ അല്ലാഹുവിന്റെ കാരുണ്യം നേടാനും നമുക്കു സാധിക്കണം. അതിനാകട്ടെ നമ്മുടെ പരിശ്രമം.
(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."