മോഹന്‍ലാലുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള
കൊച്ചി: നടന്‍ മോഹന്‍ലാലുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മോഹന്‍ലാല്‍ മാത്രമല്ല, മറ്റു പലരും ഒപ്പമുണ്ടാകണമെന്ന താല്‍പര്യമുണ്ട്. മോഹന്‍ലാലിന്റെ പിതാവിന്റെ പേരില്‍ ആരംഭിച്ച ട്രസ്റ്റ് സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായത് അംഗീകാരമായി കാണുന്നുവെന്നും കോര്‍ കമ്മിറ്റിക്കുശേഷം അദ്ദേഹം പറഞ്ഞു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഷ്ട്രീയപക്ഷപാതം കാണിക്കുന്നുവെന്നും ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചതായി ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിന്റെ ഭാഗമായി ഈമാസം 14ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യഗ്രഹം നടത്തും. 17ന് ജില്ലാതലത്തില്‍ പ്രതിഷേധദിനം ആചരിക്കും. 18 മുതല്‍ 25 വരെ പ്രളയബാധിത മേഖലകളില്‍ പഞ്ചായത്തുതലത്തില്‍ സായാഹ്ന ധര്‍ണകള്‍ നടത്തും. മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാല്‍, സി.കെ പത്മനാഭന്‍, പി.എസ് ശ്രീധരന്‍പിള്ള, പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങള്‍ പ്രളയബാധിതമേഖലകളും അണക്കെട്ടുകളും സന്ദര്‍ശിക്കും. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."