മോഷണം: സഊദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി ഉത്തരവ്
ജിദ്ദ; സഊദിയില്‍ മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി ഉത്തരവ്. സഊദിയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിനെതിരെയാണ് കോടതി വിധി വന്നത്.
അബഹയിലെ ഒരു പ്രമുഖ റസ്‌റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ കാണാതായിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലിചെയ്തുവരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഇതില്‍ സാക്ഷി പറയുകയും യുവാവ് സ്വന്തം തെറ്റ് ഏറ്റ് പറഞ്ഞ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഒളിപ്പിച്ചുവച്ച മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുക്കുകയൂം ചെയ്തു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമം അനുസരിച്ചുള്ള ശിക്ഷ കോടതി വിധിക്കുകയായിരുന്നു.
അതേസമയം ഇ റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. നാട്ടില്‍ നിന്ന് പലതും വിറ്റ് പെറുക്കിയാണ് ഇദ്ദേഹം സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്തത്.
ആറ് വര്‍ഷത്തോളം സത്യസന്ധമായി ജോലി ചെയ്തിട്ടും സുഹൃത്ത് ചതിച്ചതാണെന്നറിഞ്ഞിട്ടും തന്നോട് കരുണ കാണിക്കാതിരുന്ന സ്‌പോണ്‍സറുടെ പക്കല്‍ നിന്ന് ഈ സംഖ്യ മാത്രം എടുക്കാനായിരുന്നു കരുതിയത് എന്നും അതുകൊണ്ടാണ് എക്‌സിറ്റ് അടിച്ച പേപ്പര്‍ ഉണ്ടായിട്ടും താന്‍ നാടുവിടാതിരുന്നെതെന്നും ഇയാള്‍ പറയുന്നു. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇയാള്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."