രഥയാത്ര, വര്‍ഗീയ കലാപം: ബി.ജെ.പിയെ രണ്ടില്‍നിന്ന് 303ലെത്തിച്ച് അയോധ്യ
ന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തകര്‍ത്തതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവ്. മതാന്ധത ആയുധമാക്കി ഉത്തരേന്ത്യന്‍ ഗ്രാമീണ മനസ്സുകളില്‍ പടര്‍ന്നുകയറിയ ബി.ജെ.പി കേന്ദ്രാധികാരം പിടിച്ചെടുക്കാന്‍ പാകത്തില്‍ വളര്‍ന്നത് വിരലിലെണ്ണാവുന്ന ഏതാനും വര്‍ഷത്തിനകമാണ്. അതിലേക്കവരെ എത്തിച്ചത് ബാബരി മസ്ജിദിനെതിരായ നീക്കമായിരുന്നു.
ബാബരി തര്‍ക്കം തുടങ്ങിയത് 1885ലാണെങ്കിലും രാമജന്മഭൂമി ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ആദ്യമായി ഇടം പിടിക്കുന്നത് 1989ലെ പൊതുതെരഞ്ഞെടുപ്പിലാണ്. ഹിന്ദുത്വ സംഘടനകള്‍ നേരത്തെ അതുന്നയിക്കാറുണ്ടെങ്കിലും അതുവരെ ഇതൊരു രാഷ്ട്രീയ സാധ്യതയുള്ള വിഷയമായി ബി.ജെ.പി കണ്ടിരുന്നില്ല. 1984ലെ പ്രകടനപത്രികയില്‍ ഈ വിഷയത്തെക്കുറിച്ച് പരാമര്‍ശം പോലുമില്ലായിരുന്നു.1948ല്‍ സോമനാഥ ക്ഷേത്രം നിര്‍മിച്ച മാതൃകയില്‍ അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മിക്കണമെന്നു മാത്രമായിരുന്നു 1989ലെ പ്രകടനപത്രികയിലെ പരാമര്‍ശം. 1985ല്‍ ഹിന്ദുക്കള്‍ക്കായി ബാബരി മസ്ജിദിന്റെ പൂട്ടു തുറക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തീരുമാനമെടുത്തതു മുതലാണ് ബി.ജെ.പി ഇതിലെ ശക്തമായ രാഷ്ട്രീയ സാധ്യതകളെ കാണുന്നത്. പിന്നാലെ വന്ന 1991ലെ പ്രകടനപത്രികയില്‍ ഭാഷയൊന്ന് മാറി.
ചരിത്രത്തിലെ തെറ്റു തിരുത്താന്‍ അവിടെ രാമക്ഷേത്രം പുനഃസ്ഥാപിച്ചേ മതിയാവൂ എന്ന കടുത്ത ഭാഷയായിരുന്നു പ്രകടനപത്രികയിലുണ്ടായിരുന്നത്. അതിനു മുമ്പുതന്നെ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി രഥയാത്രയും തുടങ്ങിയിരുന്നു.
1989ല്‍ അധികാരത്തില്‍ വന്ന വി.പി സിങ് സര്‍ക്കാര്‍ 27 ശതമാനം ഒ.ബി.സി സംവരണത്തോടെ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലിന് പകരം കമണ്ഡല്‍ (തീര്‍ത്ഥ കുംഭം) എന്ന മുദ്രാവാക്യവുമായാണ് രാമക്ഷേത്രം മുഖ്യ അജന്‍ഡയാക്കി അദ്വാനി രഥയാത്ര ആരംഭിച്ചത്. ബി.ജെ.പിയെ രാജ്യത്ത് സുസ്ഥിരമായ അധികാരകേന്ദ്രമാക്കി വളര്‍ത്തിയത് ഈ രഥയാത്രയാണ്. 1984ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് വെറും രണ്ടു സീറ്റ് മാത്രമാണ്. കോണ്‍ഗ്രസ് നേടിയത് 404 സീറ്റ്. 1989 മുതലാണ് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാധ്യത തെളിയുന്നത്. രാമക്ഷേത്രം വിഷയമാക്കി ഉയര്‍ത്തി ബി.ജെ.പി സീറ്റ് 89ലേക്ക് വര്‍ധിപ്പിച്ചു. 1990ലെ ഭാരതമാതാ- ഗംഗാമാതാ യാത്ര, ക്ഷേത്രനിര്‍മാണത്തിനായി ഗ്രാമങ്ങളില്‍നിന്ന് ചുടുകട്ട ശേഖരിക്കല്‍ തുടങ്ങിയ പ്രചാരണപരിപാടികള്‍ ഗ്രാമങ്ങളില്‍ ബി.ജെ.പിയുടെ അടിത്തറയൊരുക്കി. അതേവര്‍ഷം എല്‍.കെ അദ്വാനി അയോധ്യ വിഷയമുയര്‍ത്തി രഥയാത്ര നടത്തിയതോടെ രാമക്ഷേത്രനിര്‍മാണം തൊട്ടാല്‍ പൊള്ളുന്ന രാഷ്ട്രീയ വിഷയമായി. ക്ഷേത്രം 'അവിടെത്തന്നെ നിര്‍മിക്കും' (മന്ദിര്‍ വഹി ബനായേംഗേ) എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത് രഥയാത്രയിലാണ്. രഥയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
വി.പി സിങ് സര്‍ക്കാരിന് ബി.ജെ.പി പിന്തുണ നല്‍കിയിരുന്നു. ബിഹാറില്‍ വച്ച് ലാലുപ്രസാദ് യാദവ് രഥയാത്ര തടഞ്ഞ് അഡ്വാനിയെ അറസ്റ്റ് ചെയ്തതോടെ ബി.ജെ.പി പിന്തുണ പിന്‍വലിച്ചു. പിന്നാലെ 1991ലെ തെരഞ്ഞെടുപ്പ് പ്രധാനമായും അറിയപ്പെട്ടത് മണ്ഡലും മന്ദിറും തമ്മിലുള്ള പോരാട്ടമായാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്താനുള്ള സാധ്യത നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ബി.ജെ.പിയുടെ സീറ്റ് 120ലൊതുങ്ങി. 244 സീറ്റുള്ള കോണ്‍ഗ്രസ് അധികാരത്തിലെത്തി. പക്ഷേ രാമക്ഷേത്രം രാഷ്ട്രീയ വിഷയമായി ബി.ജെ.പി ഉയര്‍ത്തിനിര്‍ത്തി. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ആവേശമൊടുങ്ങാത്ത ഘട്ടത്തിലാണ് 1996ലെ തെരഞ്ഞെടുപ്പ് വന്നത്. കോണ്‍ഗ്രസിനെ 140 സീറ്റിലൊതുക്കി 161 സീറ്റുമായി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും 13 ദിവസത്തിനു ശേഷം ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്‌ക്കേണ്ടി വന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ 182 സീറ്റ് നേടി വീണ്ടും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തി. 2004ലും 2009ലും ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും പ്രതിപക്ഷത്തെ ശക്തമായ പാര്‍ട്ടിയായിരുന്നു. അവിടെ നിന്നാണ് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ 2014ല്‍ അധികാരത്തിലേറിയത്. തുടര്‍ന്ന് 2019ലെ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലേക്ക് ബി.ജെ.പി എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."