കഥയും കാര്യവും
നമ്മള്‍ക്കൊക്കെ കഥകള്‍ നഷ്ടമാണ്.
പക്ഷേ, എന്താണ് കഥ എന്ന് ചിന്തിച്ചിട്ടുണ്ടോ?
കഥ കഥയൊഴിച്ച് ഗൗരവമുള്ള ഒന്നാണെന്ന് പറയേണ്ടിവരും. നിനയ്‌ക്കൊരു കഥ കേള്‍ക്കണോ എന്ന് ചോദിച്ച് നാം
സുഹൃത്തിന്റെ ചെവിയിലോതുന്നു നടക്കുന്ന ഒരുകാര്യം. അതുകേട്ട് സുഹൃത്ത് ഞെട്ടുന്നു. അതേസമയം, പണ്ടുപണ്ടൊരു രാജാവ് ഉണ്ടായിരുന്നു എന്നല്ല നാം സുഹൃത്തിനോട് പറയുന്നത്.
പൊള്ളുന്ന ഒരു സത്യം. അല്ലെങ്കില്‍ അമ്പരപ്പിക്കുന്ന എന്തോ ഒന്ന്.
അതുകൊണ്ട് തന്നെ നമുക്ക് പറയാം. കഥ ഗൗരവമുള്ള എന്തോ ആണ്.
ഒരാള്‍ മരിച്ചാല്‍ അയാളുടെ കഥ കഴിഞ്ഞു എന്നാണ് നാം സാധാരണ പറയാറുള്ളത്.
അതിനര്‍ഥം കഥ ജീവിതം തന്നെയാണ് എന്നാണ്.
റുമാനിയന്‍ എഴുത്തുകാരി അനാ ബ്ലാന്‍ദിയാനയുടെ ഒരു ചെറിയ കഥയുണ്ട്. തുറന്ന ജാലകം എന്ന പേരില്‍. പണ്ട് ഒരു ചിത്രകാരന്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെടുകയാണ്. ജയിലില്‍ അദ്ദേഹത്തിന്റെ ചിത്രരചനാ സാമഗ്രികള്‍ കൊണ്ടുവരാന്‍ അനുവദിക്കപ്പെട്ടിരുന്നു. ഒറ്റജാലകം പോലുമില്ലാത്ത ഇരുട്ടുപിടിച്ച ജയില്‍ മുറിയിലാണ് ചിത്രകാരന്‍.
ജയിലര്‍ ആ മുറി സന്ദര്‍ശിക്കുന്നു. ചുവരില്‍ ചിത്രകാരന്‍ വരച്ച ജാലകത്തിന്റെ ചിത്രം. ആ ചിത്രത്തിലൂടെ സൂര്യരശ്മികള്‍ ജയിലിലെ മുറിയിലേക്ക് പ്രവേശിക്കുന്നതായി ജയിലര്‍ക്ക് തോന്നി. അദ്ദേഹം തമാശയോടെ ചോദിച്ചു. നീ വരച്ച ജാലകത്തിന്റെ ചിത്രത്തിലൂടെ സൂര്യരശ്മി അടച്ചിട്ട ഈ മുറിയിലേക്ക് വരുന്നു. അങ്ങനെയാണെങ്കില്‍ ഈ ജാലകത്തിലൂടെ നിനയ്ക്ക് രക്ഷപ്പെട്ടുകൂടേ എന്ന്. ചിത്രകാരന്‍ ഒന്നും പറയാതെ പതുക്കെ ചിത്രത്തിനരികിലേക്ക് നടന്നു, താന്‍ വരച്ച ചിത്രത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് രക്ഷപ്പെടുന്നു. കല, കഥ, സ്വാതന്ത്ര്യം തന്നെയെന്ന് അനാ ബ്ലാന്‍ദിയാനയുടെ ഇക്കഥ.
കഥ ഗൗരവമുള്ള ഒന്നാണ്.
കഥ ജീവിതമാണ്.
കഥ സ്വാതന്ത്ര്യമാണ്.
കഥ ആരെയും രസിപ്പിക്കാന്‍ വേണ്ടി എഴുതുന്നതല്ല. അതിനപ്പുറം അതിനൊരു സാമൂഹിക ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് ഏണസ്റ്റ് ഹെമിങ് വേ പറഞ്ഞത്: ''എഴുത്ത് അകത്തെ അലങ്കാരപ്പണിയല്ല, ശില്‍പകല തന്നെയാണെനിയ്ക്ക്. ഭൂമിയെ പിടിച്ചുകുലുക്കണം എനിയ്ക്ക് ''.
പലപ്പോഴും കഥ ഒരു പ്രതിരോധ പ്രവര്‍ത്തനം കൂടിയാകുന്നു. അതുകൊണ്ടാണ് എന്‍.എസ് മാധവന്റെ 'തിരുത്ത്'... ഫാസിസ്റ്റുകള്‍ക്ക് നേരെയുള്ള ആഞ്ഞടിയായി മാറുന്നത്. കഥകളില്‍ രാഷ്ട്രീയം വേണം. അത് ചായംതേച്ച തുണിക്കഷ്ണങ്ങളുടെ കക്ഷിരാഷ്ട്രീയമല്ല. മറിച്ച് ഇരയും വേട്ടക്കാരനുമുണ്ടാകുമ്പോള്‍ ഇരയുടെ കൂടെ നില്‍ക്കുന്ന രാഷ്ട്രീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."